“പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കും”; ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി

kailash caa | bignewslive

ബരാസദ്: പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതല്‍ നടപ്പാക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ. പശ്ചിമ ബംഗാളില്‍ ബിജെപി നടത്തുന്ന ക്യാംപെയ്‌ന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വര്‍ഗിയ. സംസ്ഥാനത്തെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് ബിജെപിയുടെയും കേന്ദ്രത്തിന്റെയും ലക്ഷ്യമെന്നും കൈലാഷ് കൂട്ടിച്ചേര്‍ത്തു.

”വരുന്ന ജനുവരി മുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സിഎഎയുടെ കീഴില്‍ പൗരത്വം നല്‍കിത്തുടങ്ങാമെന്നാണ് കരുതുന്നത്. സമീപ രാജ്യങ്ങളില്‍ നിന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുക എന്ന സത്യസന്ധമായ ഉദ്ദേശ്യം വെച്ചിട്ടാണ് കേന്ദ്രം പൗരത്വ നിയമഭേദഗതി നടപ്പിലാക്കിയത്.”- വിജയവര്‍ഗിയ പറഞ്ഞു.

അതേസമയം, വിജയ് വര്‍ഗിയയുടെ പ്രസ്താവനയ്ക്ക് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത് വന്നു. ബംഗാള്‍ ജനതയെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. രാജ്യത്ത് കൊവിഡ് ഭീഷണി ഒഴിയുമ്പോള്‍ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നവംബറില്‍ പറഞ്ഞിരുന്നു.

Exit mobile version