ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതാകും ഉചിതം; തുറന്നടിച്ച് ടിഎന്‍ പ്രതാപന്‍

തൃശ്ശൂര്‍: ദേശീയ പൗരത്വ നിയമഭേദഗതിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപന്‍. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതാകും ഉചിതമെന്ന് ടിഎന്‍ പ്രതാപന്‍ തുറന്നടിച്ചു.

നിലവില്‍ സംസ്ഥാന ബിജെപി പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതാകും ഉചിതം. ഗവര്‍ണര്‍, പദവിയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ്. ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ആള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുതെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയെന്നും ടിഎന്‍ പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമത്തെ തുടക്കം മുതല്‍ പിന്തുണച്ച ഗവര്‍ണ്ണര്‍, കണ്ണൂരില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസിലും നിലപാട് ആവര്‍ത്തിച്ചിരുന്നു. ഇത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു.

Exit mobile version