‘ലാ ഇലാഹ ഇല്ലല്ലാഹ്’ വിളിക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ വേണ്ടെന്ന് ശശി തരൂര്‍; വിവാദമായപ്പോള്‍ വിശദീകരണം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന വാക്കുകള്‍ക്കെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. പ്രതിഷേധം ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്, വിശ്വാസങ്ങള്‍ തമ്മിലുള്ളതല്ലെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

‘പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ മുദ്രാവാക്യം മുഴക്കുന്ന നമ്മള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ സംരക്ഷിക്കാനാണ് പോരാടുന്നത്. ഹിന്ദുത്വ തീവ്രവാദത്തിനെതിരായുള്ള നമ്മുടെ പോരാട്ടം ഇസ്ലാമിക തീവ്രവാദത്തിന് സാന്ത്വനം നല്‍കുന്നതാവരുത്’ എന്നായിരുന്നു ശശി തൂര്‍ ട്വീറ്റ് ചെയ്തത്.

പ്രക്ഷോഭങ്ങള്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിക്കുമ്പോഴും ബാരിക്കേഡ് തീര്‍ക്കുമ്പോഴും കണ്ണീര്‍ വാതകം ഉപയോഗിക്കുമ്പോഴും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയൂ… എന്ന മുദ്രാവാക്യമടങ്ങിയ വീഡിയോ അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ നിരവധി പേരാണ് തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

ട്വീറ്റ് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂര്‍ എത്തുകയായിരുന്നു.
‘ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നമ്മില്‍ അധികപേര്‍ക്കും ഈ പോരാട്ടം ഇന്ത്യക്കു വേണ്ടിയാണ്, ഇസ്ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയല്ല എന്നകാര്യം വ്യക്തമാക്കിയതാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടിയുള്ളതാണിത്. ഇത് ബഹുസ്വരത സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ഇത് ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. വിശ്വാസങ്ങള്‍ തമ്മിലുള്ളതല്ല.’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Exit mobile version