രാഷ്ട്രീയ നേതാവിന്റെ ഭാഷയിലാണ് ഗവര്‍ണര്‍ സംസാരിച്ചത്; സംവിധായകന്‍ കമല്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തത് ആണെന്ന് സംവിധായകന്‍ കമല്‍. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ഇങ്ങനെ രാഷ്ട്രീയം പറയുന്നത് നിര്‍ഭാഗ്യകരമാണെന്നും ഒരു രാഷ്ട്രീയ നേതാവിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്നും ഗവര്‍ണറുടെ ഈ നടപടി അപലപനീയമാണെന്നുമാണ് കമല്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിച്ച ഗവര്‍ണര്‍ക്കെതിരെ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പ്രതിഷേധം നടന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നുമാണ് വേദിയില്‍ വെച്ച് ഗവര്‍ണര്‍ പറഞ്ഞത്.

എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്തണമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടര്‍ന്ന് കൈയില്‍ ഉണ്ടായിരുന്ന കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളായി ഇവര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. തികച്ചും നാടകീയമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ അരങ്ങേറിയത്.

Exit mobile version