കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട; മിക്‌സിയിലും സ്പീക്കറിലും ഒളിപ്പിച്ചുകടത്തിയ മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. മൂന്നു കിലോ സ്വര്‍ണ്ണവുമായി രണ്ടു പേര്‍ പിടിയിലായി.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. മൂന്നു കിലോ സ്വര്‍ണ്ണവുമായി രണ്ടു പേര്‍ പിടിയിലായി. മിക്‌സിയുടെയും സ്പീക്കറിന്റെയും അകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്.

മിക്‌സിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.350 കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസാണ് കണ്ടെത്തിയത്. മിക്സിക്കകത്ത് വൈന്റിങ്ങിന്റെ രൂപത്തിലായിരുന്നു സ്വര്‍ണ്ണം ഉണ്ടായിരുന്നത്.

സംഭവത്തില്‍ കൊടുവള്ളി സ്വദേശി ഷാഹുല്‍ മന്‍സൂറാണ് പിടിയിലായത്. സൗദിയില്‍ നിന്ന് എത്തിഹാദ് വിമാനത്തില്‍ അബുദാബി വഴി കരിപ്പൂരിലെത്തിയതായിരുന്നു ഇയാള്‍.

അതേസമയം, സ്പീക്കറിനകത്ത് ഒളിപ്പിച്ച 650 ഗ്രാം സ്വര്‍ണ്ണവും മറ്റൊരു യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തു. പാലക്കാട് ചാലിശ്ശേരി സ്വദേശി കെകെ അഷറഫാണ് സ്വര്‍ണ്ണം കടത്തിയത്. മസ്‌കറ്റില്‍ നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇയാളെത്തിയത്. ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 1.20 കോടി വില വരും.

Exit mobile version