‘ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ദിവസങ്ങളില്‍ ഒന്ന്’; കൊച്ചനിയനും ലക്ഷ്മിയമ്മാളിനും വിവാഹ ആശംസകള്‍ നേര്‍ന്ന് വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ രാമവര്‍മപുരം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികളായ കൊച്ചനിയന്റെയും ലക്ഷ്മിയമ്മാളിന്റെയും വിവാഹം ആയിരുന്നു ഇന്ന്. സംസ്ഥാനത്തെ വൃദ്ധസദനങ്ങളില്‍ നടക്കുന്ന ആദ്യത്തെ വയോധിക വിവാഹമെന്ന ചരിത്ര നേട്ടം കൂടിയുണ്ട് ഈ വിവാഹത്തിന്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ദിവസങ്ങളില്‍ ഒന്നാണ് ഇതെന്നാണ് വിവാഹത്തില്‍ പങ്കെടുത്ത
കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

പരസ്പരം താങ്ങായി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനം ശ്ലാഘനീയമാണെന്നും വധൂവരന്മാരെ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നുവെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ദിവസങ്ങളില്‍ ഒന്നാണിന്ന്. തൃശൂര്‍ രാമവര്‍മപുരം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികളായ ശ്രീ. കൊച്ചനിയനും ശ്രീമതി. ലക്ഷ്മിയമ്മാളും പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന മംഗളകര്‍മ്മത്തിന് സാക്ഷിയായത് അവിസ്മരണീയമായ അനുഭവമാണ്. ഇരുവരുടെയും ജീവിതസായാഹ്നത്തില്‍ സംഭവിച്ച ഈ മാംഗല്യഭാഗ്യം സദനത്തിന്റെ മാനേജ്‌മെന്റും അന്തേവാസികളും അഭ്യുദയകാംക്ഷികളും സന്നദ്ധപ്രവര്‍ത്തകരുമൊക്കെ ചേര്‍ന്ന് അവിസ്മരണീയമാക്കുകയാണുണ്ടായത്. സംസ്ഥാനത്തെ വൃദ്ധസദനങ്ങളില്‍ നടക്കുന്ന ആദ്യത്തെ വയോധികവിവാഹമാണ് ഇന്ന് നടന്നത്. 65കാരനായ വരനും 64കാരിയായ വധുവും വളരെ പ്രസരിപ്പോടും തികഞ്ഞ സന്തോഷത്തോടും കൂടിയാണ് കതിര്‍മണ്ഡപത്തിലേക്ക് എത്തിയത്.

പരസ്പരം താങ്ങായി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനം ശ്ലാഘനീയമാണ്.
വധൂവരന്മാരെ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു. ഇരുവരും ആയുരാരോഗ്യ സൗഖ്യത്തോടെയിരിക്കട്ടെ. ശ്രീ. കൊച്ചനിയന്റെയും ശ്രീമതി. ലക്ഷ്മിയമ്മാളിന്റെയും ദാമ്പത്യജീവിതം സന്തോഷപ്രദവും സമാധാനപൂര്‍ണവും ആയിരിക്കട്ടെയെന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.
സ്‌നേഹാദരങ്ങളോടെ വി.എസ് സുനില്‍കുമാര്‍

Exit mobile version