‘ പതാക കെട്ടാന്‍ അറിയില്ലേല്‍ അത് അറിയാവുന്നവരെ ഏല്‍പിക്കണം, നേതാക്കളാണെന്ന് പറഞ്ഞ് നടന്നാപ്പോരാ’! മാസ്സ് ഡയലോഗുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പതാക കെട്ടാന്‍ അറിയാത്ത നേതാക്കന്‍മാരെ ശകാരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി.

തിരുവനന്തപുരം: പതാക കെട്ടാന്‍ അറിയാത്ത നേതാക്കന്‍മാരെ ശകാരിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. കോണ്‍ഗ്രസിന്റെ 135-ാം സ്ഥാപകദിനത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പതാക ഉയര്‍ത്തുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്.

പതാക ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍, കെട്ടിയ പതാക നിവര്‍ന്നില്ല. പിന്നീട് ശരിക്കും കെട്ടാത്തതിനാല്‍ പതാക ഊര്‍ന്ന് താഴെ വീഴുകയും ചെയ്തു. അതൃപ്തിയോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ തന്നെ ഇടപെട്ട് പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ സേവാദള്‍ പ്രവര്‍ത്തകരെത്തിയാണ് പതാക ശരിയാക്കിയത്.

ഇത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ച സേവാദള്‍ പ്രവര്‍ത്തകരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ചീത്ത വിളിക്കുകയും ചെയ്തു.

‘പതാക നിവരാത്തത് മാധ്യമപ്രവര്‍ത്തകരുടെ കുറ്റമാണോടോ? പതാക കെട്ടാന്‍ അറിയില്ലേല്‍ അത് അറിയാവുന്നവരെ ഏല്‍പിക്കണം. നേതാക്കളാണെന്ന് പറഞ്ഞ് നടന്നാപ്പോരാ, പതാകയെങ്കിലും കെട്ടാനുള്ള പരിശീലനം വേണം”, ഉണ്ണിത്താന്‍ പറഞ്ഞു.

പകുതിയ്ക്ക് വച്ച് കെട്ടിയിട്ട പതാക നോക്കി ചിലര്‍ ”ഇതിങ്ങനെ താഴെ കെട്ടിയിടാതെ, പകുതിയ്ക്ക് വച്ച് ഉയര്‍ത്തി നിര്‍ത്താന്‍ ഇവിടാരും മരിച്ചിട്ടൊന്നുമില്ലല്ലോ”, എന്ന് പറയുന്നതും കേള്‍ക്കാമായിരുന്നു.

Exit mobile version