സൈനിക പരിശീലനത്തിനിടെ പാലത്തിന്റെ പില്ലറുകള്‍ വീണ് അപകടം: മലയാളി ഉള്‍പ്പടെ രണ്ടു സൈനികര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്ക്

പൂനെ: മിലിട്ടറി എന്‍ജിനിയറിംഗ് കോളേജിലെ സൈനിക പരിശീലനത്തിനിടെ മലയാളി ഉള്‍പ്പടെ രണ്ടു സൈനികര്‍ മരിച്ചു, അഞ്ചു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കുന്നത്തൂര്‍ സ്വദേശി ഹവില്‍ദാര്‍ പികെ സഞ്ജീവന്‍ (29), മഹാരാഷ്ട്ര സ്വദേശി നായിക് വാഗ്മോഡെ എന്നിവരാണ് മരിച്ചത്.

രാവിലെ 11.45ഓടെ ബെയ്‌ലി പാലം നിര്‍മ്മിക്കാനുള്ള പരിശീലനത്തിനിടെയാണ് അപകടം. പാലത്തിന്റെ രണ്ട് പില്ലറുകള്‍ സൈനികര്‍ക്ക് മേല്‍ പൊളിഞ്ഞ് വീഴുകയായിരുന്നു. സഞ്ജീവനും നായിക് വാങ്‌മൊഡെയും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

അപകടത്തില്‍ പരിക്കേറ്റ അഞ്ച് സൈനികരെ പൂനെയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് സൈനിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

Exit mobile version