1919ല്‍ പാകിസ്താന്‍ എന്ന സങ്കല്പം പോലും ഇല്ലായിരുന്നെന്ന് ഈ മരപ്പാഴിനോട് പറഞ്ഞു കൊടുക്കുമോ? ‘നൂറുകൊല്ലം മുമ്പ് പാകിസ്താനെ കണ്ടെത്തിയ’ സെന്‍കുമാറിന് ട്രോള്‍ മഴ

കൊച്ചി: മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ‘നൂറുകൊല്ലം മുമ്പ് പാകിസ്താനിലെ ദളിതരെപ്പറ്റിയുള്ള അംബേദ്കറിന്റെ വെളിപ്പെടുത്തലാണ്’ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പാകിസ്താന്‍ എന്നൊരു ആശയം പോലും രൂപപ്പെടുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ അംബേദ്കര്‍ അവിടുത്തെ ദളിതരെ കണ്ടെത്തിയിരുന്നെന്ന വെളിപ്പെടുത്തല്‍ രൂക്ഷ പരിഹാസത്തിനിടയാക്കിയിരിക്കുകയാണ്.

പാകിസ്താനില്‍ ദളിതര്‍ സുരക്ഷിതരല്ലെന്നും അവര്‍ ഇന്ത്യയിലേക്ക് വരേണ്ടിവരുമെന്നും അംബേദ്കര്‍ പറഞ്ഞിരുന്നതായി ഒരു ആര്‍എസ്എസ് പ്രസിദ്ധീകരണത്തില്‍ വന്ന കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് അംബേദ്കര്‍ നൂറു വര്‍ഷം മുമ്പ് ഇങ്ങനെ പറഞ്ഞതായി സെന്‍കുമാര്‍ ‘കണ്ടെത്തി’യിരിക്കുന്നത്. പുതിയ ലിപിയിലുള്ള പത്രക്കുറിപ്പാണ് സെന്‍കുമാര്‍ പങ്കുവച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. നൂറ് വര്‍ഷം മുമ്പുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യസിരാകേന്ദ്രം ലാഹോറായിരുന്നു.

സെന്‍കുമാറിന്റെ കണക്ക് അനുസരിച്ചാണെങ്കില്‍ 1920ലാണ് അംബേദ്കര്‍ ഇങ്ങനെ പറയേണ്ടത്. അന്ന് പാകിസ്താന്‍ വേണമെന്ന ആശയം പോലും രൂപപ്പെട്ടില്ലാത്ത സമയത്താണ് അംബേദ്കര്‍ പാകിസ്താനിലെ ദളിതരെ കണ്ടെത്തിയിരിക്കുന്നതെന്നാണ്
മുന്‍ഡിജിപിയുടെ വസ്തുതാ വിരുദ്ധമായ പോസ്റ്റ്. 1947ലാണ് പാകിസ്താന്‍ രൂപം കൊള്ളുന്നത്.

പോസ്റ്റ് പുറത്തു വന്നയുടന്‍ തന്നെ സെന്‍കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനവും പരിഹാസവുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞത്.

രാജാ ഹരിപ്രസാദ് എന്നയാള്‍ കുറിച്ചതിങ്ങനെ:
നൂറു കൊല്ലം മുമ്പ്, അതായത് 1919ല്‍ പാക്കിസ്ഥാന്‍ എന്ന ഒരു സങ്കല്പം പോലും ഇല്ലെന്ന് ഈ മരപ്പാഴിനോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കുമോ?…..
1919 ലാണ് റൗളത്ത് നിയമം കൊണ്ടുവന്നത്, അതേ വര്‍ഷമാണ് ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊല നടന്നത്…. അന്ന് സ്വാതന്ത്ര്യസമരത്തിന്റെ ഒരു മുഖ്യകേന്ദ്രം ലാഹോറായിരുന്നു….


അതേസമയം, വിമര്‍ശനങ്ങള്‍ ശക്തമാവുകയും തെളിവുകള്‍ എതിരാവുകയും ചെയ്തതോടെ തന്റെ കുറിപ്പില്‍ ടിപി സെന്‍കുമാര്‍ എഡിറ്റ് നടത്തിയിട്ടുണ്ട്. ‘100 വര്‍ഷം മുമ്പ് അംബേദ്കര്‍ പറഞ്ഞു’ എന്നത് മാറ്റി 70 കൊല്ലം മുന്‍പ് അംബേദ്കര്‍ പറഞ്ഞു എന്നാണ് സെന്‍കുമാര്‍ എഡിറ്റ് ചെയ്തിരിക്കുന്നത്.

Exit mobile version