നൂറ്റാണ്ടിലെ അത്ഭുതമായ വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി; പൂര്‍ണ്ണമായി കാണാനാന്‍ സാധിക്കുക വടക്കന്‍ കേരളത്തില്‍

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ വലയസൂര്യഗ്രഹണം പൂര്‍ണ്ണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ സാധിക്കും

തിരുവനന്തപുരം: നൂറ്റാണ്ടിലെ അത്ഭുതമായ വലയ സൂര്യഗ്രഹണം കേരളത്തില്‍ ദൃശ്യമായി തുടങ്ങി. വടക്കന്‍ കേരളത്തിലാണ് സൂര്യഗ്രഹണം പൂര്‍ണ്ണമായി കാണാന്‍ സാധിക്കുക. രാവിലെ എട്ട് മണി മുതലാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങിയത്. ഒമ്പതരയോടെ വലയ സൂര്യഗ്രഹണം പൂര്‍ണ്ണമായി ദൃശ്യമാകും. സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുക.

ഇന്ത്യയില്‍ തെക്കന്‍ കര്‍ണ്ണാടകത്തിലും, വടക്കന്‍ കേരളത്തിലും, മധ്യതമിഴ്‌നാട്ടിലുമാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നത്. പതിനൊന്നരയോടെ സൂര്യഗ്രഹണം അവസാനിക്കും. കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ വലയസൂര്യഗ്രഹണം പൂര്‍ണ്ണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ സാധിക്കും.

സംസ്ഥാനത്ത് വലയ സൂര്യഗ്രഹണം കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്‌കൂളുകളും കോളേജുകളും, ശാസ്ത്രസാങ്കേതിക മ്യൂസിയവും, കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജില്ലാ ഭരണകൂടങ്ങളുമെല്ലാം ഗ്രഹണം കാണുവാന്‍ പ്രത്യേക ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം നഗ്നനേത്രങ്ങള്‍ കൊണ്ട് ഒരു കാരണവശാലും സൂര്യഗ്രഹണം കാണുവാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version