പൗരത്വഭേദഗതിയില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചത് അഭിമാനമെന്ന് കോട്ടയത്തുകാരി കാര്‍ത്തിക

കൊച്ചി: പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് സ്വര്‍ണ്ണമെഡല്‍ ഏറ്റുവാങ്ങാതിരുന്നത് അഭിമാനമെന്ന് ഒന്നാം റാങ്കുകാരി കാര്‍ത്തിക ബി കുറുപ്പ്. .
കഴിഞ്ഞ ദിവസമായിരുന്നു പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് കാര്‍ത്തിക ബഹിഷ്‌കരിച്ചത്.

രാഷ്ട്രപതിയില്‍ നിന്ന് മെഡല്‍ വാങ്ങുക ഏത് വിദ്യാര്‍ത്ഥിയുടേയും സ്വപ്നമായിരിക്കും. എന്നാല്‍, എംഎസ്സി ഇലക്ട്രോണിക്‌സ് മീഡിയയിലെ ഒന്നാം റാങ്കുകാരിയായ കാര്‍ത്തിക ബി കുറുപ്പ് ആ സ്വപ്ന നേട്ടം വേണ്ടെന്നുവെച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റ ഭാഗമാകാന്‍ വേണ്ടിയാണ് കാര്‍ത്തിക ചടങ്ങ് ബഹിഷ്‌കരിച്ചത്.

കാര്‍ത്തികക്കൊപ്പം മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ കൂടി ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. പിഎച്ച്ഡി ജേതാക്കളായ അരുണ്‍കുമാര്‍, മെഹല്ല എന്നിവരാണ് ചടങ്ങ് ബഹിഷ്‌കരിച്ച മറ്റ് രണ്ട് പേര്‍. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ് കാര്‍ത്തിക. കഴിഞ്ഞവര്‍ഷമാണ് കാര്‍ത്തിക ഒന്നാം റാങ്കോടെ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. എറണാകുളത്ത് 24 ന്യൂസ് ചാനലില്‍ പ്രോഗ്രാം പൊഡ്യൂസറാണ് കാര്‍ത്തിക.

Exit mobile version