രാമക്ഷേത്ര നിര്‍മ്മാണത്തിന് അഞ്ച് ലക്ഷം രൂപ നല്‍കി രാംനാഥ് കോവിന്ദ്; ധനസമാഹരണത്തിന് തുടക്കം കുറിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. ക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി തുക നല്‍കിയത്. തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നാണ് രാഷ്ട്രപതി പണം നല്‍കിയത്.

ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം വഹിക്കുന്ന രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹി ഗോവിന്ദ ദേവ് ഗിരിജി മഹാരാജിന്റെ നേതൃത്വത്തിലുള്ള ഒരു സംഘ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചാണ് തുക കൈപ്പറ്റിയത്.

‘രാജ്യത്തിന്റെ പ്രഥമപൗരനായ രാഷ്ട്രപതി തന്നെ ധനസമാഹരണ യജ്ഞത്തിന് തുടക്കം കുറിച്ചു. അദ്ദേഹം രാമക്ഷേത്ര നിര്‍മ്മാണത്തിന് 5,00,100 രൂപ സംഭാവന തന്നു’, സംഘത്തിലുണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് അലോക് കുമാര്‍ പറഞ്ഞു.

ക്ഷേത്ര നിര്‍മ്മാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പറഞ്ഞു. മറ്റു മതങ്ങളുടെ അനുയായികളില്‍ നിന്നുള്ള സംഭാവനകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 27 വരെയാണ് ധനസമാഹരണം.

Exit mobile version