അതാണ് ഭാരതം അതാണ് നമ്മുടെ പാരമ്പര്യം, പൈതൃകം. ഇവിടെ മതം നോക്കിയല്ല, മറിച്ച് മതപീഡനമാണ് പരിഗണിച്ചത്; സമാധാനമാണ് ഞങ്ങളുടെ വഴി; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മതപീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അഭയംനല്‍കുന്ന പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ‘ലജ്ജ’ എന്ന നോവല്‍ എഴുതിയ തസ്ലിമയ്ക്ക് ഇന്ത്യ അഭയം നല്‍കിയെന്നും ദലൈലാമയ്ക്കും അഭയമേകിയെന്നും ഇതാണ് നമ്മുടെ പാരമ്പര്യമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പൗരത്വനിയമ ഭേദഗതിക്കെതിരേ ഉയരുന്ന ആശങ്കകള്‍ക്കും ആക്ഷേപങ്ങള്‍ക്കുമെതിരെ കുമ്മനം പ്രതികരിച്ചു. മതപീഡനം അല്ലെങ്കില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനംകാരണം അഫ്ഗാനിസ്താനിലെയും ബംഗ്ലാദേശിലെയും പാകിസ്താനിലെയും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. അവരെ സഹായിക്കാനോ പ്രത്യേക പരിഗണന നല്‍കാനോ ആ രാജ്യങ്ങളിലെ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. പക്ഷേ, ന്യൂനപക്ഷങ്ങളെ എന്നെന്നും പരിരക്ഷിച്ച ചരിത്രമാണ് ഇന്ത്യയുടേതെന്നും അത് തുടരുകതന്നെ ചെയ്യുമെന്നും കുമ്മനം പറഞ്ഞു.

കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ, വര്‍ഗീയമുതലെടുപ്പ് നടത്തുകയാണ്. മുസ്ലിങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് അവരെ ഇപ്പോള്‍ വലിയ പ്രക്ഷോഭത്തിന് പ്രേരിപ്പിച്ചതെന്നും ഇതുവഴി ആശങ്ക പെരുപ്പിക്കുകയാണെന്നും അഭിമുഖത്തില്‍ കുമ്മനം പറഞ്ഞു.

Exit mobile version