യതീഷ് ചന്ദ്രയും വിജയ് സാഖറെയും ക്രിമിനലുകളെന്ന് എഎന്‍ രാധാകൃഷ്ണന്‍

ഐജി വിജയ് സാഖറെ ഒന്നാന്തരം ക്രിമിനലാണെന്നും, അത്തരം കാര്യങ്ങളില്‍ പിഎച്ച്ഡി എടുത്തയാളാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു

എരുമേലി: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. ജനങ്ങളോടു മോശമായി പെരുമാറുന്നയാളാണ് യതീഷ് ചന്ദ്രയെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. ഗെയില്‍ സമരത്തില്‍ ഏഴുവയസുകാരന്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതിപ്പെട്ടിരുന്നു. പല സമരത്തെയും മര്‍ദ്ദനമുറകളിലൂടെ നേരിട്ടയാളാണു യതീഷ് ചന്ദ്രയെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഐജി വിജയ് സാഖറെ ഒന്നാന്തരം ക്രിമിനലാണെന്നും, അത്തരം കാര്യങ്ങളില്‍ പിഎച്ച്ഡി എടുത്തയാളാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു. സമ്പത്തിന്റെ കസ്റ്റഡി മരണത്തില്‍ മുഖ്യപ്രതിയായ വിജയ് സാഖറെയെ പിണറായി വിജയന്‍ നേരിട്ടാണ് സന്നിധാനത്ത് നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശരണം വിളിക്കുന്ന ഭക്തരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും എഎന്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം ശബരിമലയിലെത്തിയപ്പോള്‍ ആയുധധാരികളായ പൊലീസുകാരെയാണ് സന്നിധാനത്ത് കണ്ടത്. ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അരാജകത്വം സൃഷ്ടിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന് കാണിച്ച് എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് പരാതി നല്‍കി.

Exit mobile version