റെയില്‍വേ പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

പാളത്തില്‍ കല്ലുകണ്ട സ്ഥലത്ത് തന്നെയാണ് ക്‌ളിപ്പുകള്‍ അഴിഞ്ഞനിലയില്‍ കണ്ടെത്തിയത്

കോഴിക്കോട്: റെയില്‍വേ പാളത്തില്‍ കല്ലുകള്‍ നിരത്തിവെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. അയനിക്കാട് പെട്രോള്‍പമ്പിനു സമീപമാണ് സംഭവം. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ കോണ്‍ക്രീറ്റ് സ്ലീപ്പറും പാളവുമായി ബന്ധിപ്പിക്കുന്ന ക്ലിപ്പുകളും അഴിഞ്ഞുമാറിയ നിലയില്‍ കണ്ടെത്തി. പാളത്തില്‍ കല്ലുകണ്ട സ്ഥലത്ത് തന്നെയാണ് ക്‌ളിപ്പുകള്‍ അഴിഞ്ഞനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് പാളത്തില്‍ കല്ലുവെച്ചതെന്നു കരുതുന്നു.

പാളത്തില്‍ 50 മീറ്ററോളം ദൂരത്താണ് കരിങ്കല്‍ കഷണങ്ങള്‍ നിരത്തിവെച്ചത്. കല്ലുവെച്ച പാളത്തിന്റെ മറുവശത്തുള്ള പാളത്തിലെ 20 ക്ലിപ്പുകളാണ് അഴിഞ്ഞുമാറിയ നിലയില്‍ കണ്ടെത്തിയത്. ഈ സമയം മംഗലാപുരത്തേക്ക് പരശുറാം എക്‌സ്പ്രസാണ് കടന്നുപോയത്. വണ്ടി കടന്നുപോയപ്പോള്‍ അസ്വാഭാവികത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എന്‍ജിന്‍ ഡ്രൈവര്‍ വടകര സ്റ്റേഷന്‍ സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയതോടെയാണ് അന്വേഷണം നടത്തിയത്.

തുടര്‍ന്ന് ഈ സ്ഥലത്ത് തീവണ്ടികള്‍ വേഗംകുറച്ചു പോകാനുള്ള നിര്‍ദേശം നല്‍കി.സാധാരണ തീവണ്ടി കടന്നുപോയാലും ഗ്രീസ് ഇട്ടാലും ഇങ്ങനെ സംഭവിക്കുമെങ്കിലും മറ്റുഭാഗങ്ങളില്‍ ഇങ്ങനെ ഉണ്ടാവാത്തത് പോലീസിനും റെയില്‍വേ അധികൃതര്‍ക്കും സംശയമുണര്‍ത്തുന്നു. പാളത്തില്‍ കല്ലുകണ്ട സ്ഥലത്ത് പാളത്തിനു സമീപത്തായി വീടുകളില്ല. സംഭവത്തില്‍ ആര്‍പിസിഎഫ് വിഭാഗവും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.

Exit mobile version