ജസ്റ്റിസ് ലോയയുടെ മരണം റേഡിയോ ആക്ടീവ് വിഷപ്രയോഗം മൂലം; ഹര്‍ജിയുമായി അഭിഭാഷകന്‍

മരണവുമായി ബന്ധപ്പെട്ട് നശിപ്പിച്ച രേഖകള്‍ വീണ്ടെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് സതീഷ് മഹാദിയറോ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

മുംബൈ: ജഡ്ജി ബിഎച്ച്‌ ലോയയുടെ മരണം റേഡിയോ ആക്ടീവ് വിഷപ്രയോഗം മൂലമെന്ന് ആരോപിച്ച് മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി. സതീഷ് മഹാദിയറോ എന്ന അഭിഭാഷകനാണ് ഹര്‍ജിയുമായി ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിനെ സമീപിച്ചത്.

മരണവുമായി ബന്ധപ്പെട്ട് നശിപ്പിച്ച രേഖകള്‍ വീണ്ടെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് സതീഷ് മഹാദിയറോ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജീവന് ഭീഷണി ഉള്ളതിനാല്‍ രേഖകള്‍ കോടതി സംരക്ഷിക്കണമെന്നും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെട്ട സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജിയാണ് ബിഎച്ച് ലോയ.

അദ്ദേഹത്തിന്റെ  മരണത്തില്‍ ദുരുഹതയുണ്ടെന്ന ആരോപണം സുപ്രീം കോടതി മുമ്പ് തള്ളിയിരുന്നു. 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെയാണു നാഗ്പുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലോയയുടെ മരണം സംഭവിച്ചത്.

Exit mobile version