മഞ്ജു വാര്യരുടെ ഷൂട്ടിങ് കണ്ട് മതി മറന്ന് മകൻ മറന്നുവെച്ചത് അമ്മയെ; ഒടുവിൽ പോലീസും നാട്ടുകാരും ഇടപെട്ട് അമ്മയ്ക്ക് സംരക്ഷണമൊരുക്കി; മകന് ഉപദേശവും

മലയിൻകീഴ്: സിനിമാ ചിത്രീകരണം കണ്ടുനിന്ന് അമ്മയെ മറന്ന് ഒരു മകൻ. മലയിൻകീഴാണ് സംഭവം. വിളവൂർക്കാവ് സ്വദേശികളായ അമ്മയും മകനും പെൻഷൻ വിവരം തിരക്കാനായാണ് മലയിൻകീഴിലെ ട്രഷറിയിലെത്തിയത്. അമ്മ അകത്തേക്ക് പോയപ്പോൾ മകൻ പുറത്ത് നിൽക്കുകയായിരുന്നു. എന്നാൽ ട്രഷറിയിലെ നടപടികളെല്ലാം പൂർത്തിയാക്കി അമ്മ പുറത്തിറങ്ങിയപ്പോൾ മകനെ കാണാനായില്ല. ഓർമ്മക്കുറവുള്ള അമ്മയാവട്ടെ മകനെ കാത്തിരുന്ന് വലയുകയും ചെയ്തു. മൊബൈൽ ഫോണില്ലാത്തതിനാൽ മകനെ വിളിച്ച് നോക്കാനും സാധിച്ചില്ല.

ഒടുവിൽ ഈ അമ്മ വീട്ടിലേക്ക് പോകാനായി ഓട്ടോ പിടിച്ചു. എന്നാൽ, വീട് നിൽക്കുന്ന സ്ഥലം ഓർത്തെടുക്കാനായില്ല. ഓട്ടോയിൽ ഏറെ നേരം പ്രദേശത്ത് കറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡ്രൈവർ മലയിൻകീഴ് കരിപ്പൂരിന് സമീപം ഇറക്കിവിട്ടു.

വഴിയരികിൽ നിസ്സഹായയായി നിൽക്കുന്ന അമ്മയോട് നാട്ടുകാർ വിവരം തിരക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. കൈവശം ഉണ്ടായിരുന്ന പേപ്പറുകൾ പരിശോധിച്ച പോലീസ് മകന്റെ ഫോൺ നമ്പർ കണ്ടെത്തി. അപ്പോഴാണ് മകൻ ട്രഷറിയുടെ സമീപത്തു തന്നെ ഉണ്ടെന്നും അവിടെയുള്ള മലയിൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് മഞ്ജു വാര്യർ നായികയായ സിനിമയുടെ ഷൂട്ടിങ് കണ്ടു നിൽക്കുകയായിരുന്നുവെന്നും അറിഞ്ഞത്. അമ്മയെ സ്റ്റേഷനിലേക്കു കൂട്ടി കൊണ്ടു വന്ന പോലീസ് മകനെ അങ്ങോട്ടു വിളിച്ചു വരുത്തി ഒന്ന് നന്നായി ഉപദേശിച്ചാണ് പറഞ്ഞുവിട്ടത്.

Exit mobile version