സുപ്രീംകോടതിയില്‍ വിശ്വാസമില്ലാതായി; ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഇല്ല; പൗരത്വ നിയമ വിഷയത്തില്‍ തുറന്നടിച്ച് കെമാല്‍ പാഷ

കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സുപ്രീംകോടതി ഇടപെടാത്തതില്‍ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് ബി കെമാല്‍ പാഷ. രാജ്യം കത്തുമ്പോള്‍ സുപ്രീം കോടതി കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ നെട്ടൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത്, കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിക്കു ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കെമാല്‍ പാഷയുടെ വിമര്‍ശനം.

സുപ്രീംകോടതിയില്‍ വിശ്വാസമില്ലാതായി. ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഇല്ലെന്ന കെമാല്‍ പാഷ തുറന്നടിച്ചു. ഭരണഘടന വായിച്ചു മനസ്സിലാക്കാന്‍ പോലും ബോധമില്ലാത്തവരാണു ബില്‍ ഉണ്ടാക്കുന്നതെന്നും കെമാല്‍ പാഷ കുറ്റപ്പെടുത്തി. ഭാവിയില്‍ പൗരത്വം തെളിയിക്കാന്‍ അപ്പൂപ്പന്റെ ജാതകം ഹാജരാക്കേണ്ടി വരും. അമിത് ഷായ്ക്കും മോഡിക്കും വര്‍ഗീയ ധ്രുവീകരണം എന്ന ഒറ്റ ലക്ഷ്യം മാത്രമാണുള്ളതെന്നും കെമാല്‍ പാഷ പറഞ്ഞു.

അതിനിടെ പൗരത്വ നിയം ഭേദഗതിക്കെതിരെ മംഗുളൂരുവില്‍ നടന്ന പ്രതിഷേധത്തിന് എതിരെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

Exit mobile version