‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’; തട്ടമിട്ട ചിത്രം പങ്കുവെച്ച് ഐക്യദാർഢ്യവുമായി നടി അനശ്വര രാജൻ; വ്യത്യസ്ത പ്രതിഷേധത്തിന് കൈയ്യടി

ഡൽഹിയിൽ ഉൾപ്പടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി വന് പ്രതിഷേധം അരങ്ങേറുന്നതിനിടെ സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യമറിയിച്ച് നടി അനശ്വര രാജൻ. ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’, ‘പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് തട്ടമിട്ട ചിത്രവും ഉൾപ്പെടുത്തിയാണ് അനശ്വരയുടെ പ്രതിഷേധം. എവിടെ, ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജൻ.

മലയാള സിനിമാരംഗത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളെ വേർതിരിക്കുന്ന ഇത്തരം നടപടികളെ തള്ളിക്കളയണമെന്നാണ് നടൻ മമ്മൂട്ടി പ്രതികരിച്ചത്. പാർവതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരൻ, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരൻ, ഗീതു മോഹൻദാസ്, കുഞ്ചാക്കോ ബോബൻ, ആഷിക്ക് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കൽ, ഷെയ്ൻ നിഗം, ആന്റണി വർഗീസ്, ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, അനൂപ് മേനോൻ, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയ മുൻനിര താരങ്ങളും ചലച്ചിത്ര പ്രവർത്തകരും ഒറ്റക്കെട്ടായി ഡൽഹിയിലെ പോലീസ് അതിക്രമത്തെ എതിർക്കുകയും സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തിരുന്നു.

ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, അമല പോൾ എന്നിവർ സമരപോരാളി ആയിഷ പോലീസിന് നേരെ വിരൽ ചൂണ്ടി നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്. ആ ചൂണ്ടിനിൽക്കുന്ന വിരൽ മതി ഈ രാജ്യത്തെ മുഴുവൻ കുട്ടികളും ഭരണഘടനയ്ക്കായി ഒരുമിക്കാൻ എന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചു.

Exit mobile version