സർക്കാരുമായി ചേർന്ന് സംയുക്ത പ്രക്ഷോഭം നടത്തിയത് തെറ്റ്; യോഗം ബഹിഷ്‌കരിച്ച് ആർഎസ്പി; യുഡിഎഫിൽ ഭിന്നത

തിരുവനന്തപുരം: സർക്കാരിനൊപ്പം ചേർന്ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത. പ്രതിപക്ഷം സമരത്തിൽ പങ്കെടുത്ത തീരുമാനം മുന്നണിയിൽ ചർച്ച ചെയ്തില്ലെന്ന് ഘടകകക്ഷികൾ കുറ്റപ്പെടുത്തി. പ്രതിഷേധിച്ച് ആർഎസ്പി യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. കേരള കോൺഗ്രസ്‌ജെ, സിഎംപി, ഫോർവേഡ് ബ്ലോക്ക് എന്നിവരും കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി പക്ഷവും പ്രതിഷേധമറിയിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിനെത്താത്തതും വിയോജിപ്പ് കാരണമാണെന്നാണ് സൂചന.

സമരം കഴിഞ്ഞല്ല യുഡിഎഫ് യോഗം വിളിക്കേണ്ടതെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു. അതേസമയം, സംയുക്ത പ്രതിഷേധ സത്യാഗ്രഹത്തിൽ ആർഎസ്പിയെ പ്രതിനിധീകരിച്ച് ബാബു ദിവാകരൻ പങ്കെടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ തുടർ സമരങ്ങൾ തീരുമാനിക്കാനാണ് യുഡിഎഫ് അടിയന്തര യോഗം വിളിച്ചത്.

അതേസമയം, സംസ്ഥാന സർക്കാരിന്റെ കൂറ് ഭരണഘടനയോടാണെന്നും ആർഎസ്എസ് അജണ്ടയോടല്ലെന്നും പൗരത്വ നിയമഭേദഗതിക്കി എതിരായ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. രാജ്യത്തെ പൗരൻ ആരാണെന്ന് മോഡിയും അമിത് ഷായും തീരുമാനിക്കുന്നത് അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. പ്രതിഷേധ ധർണയിൽ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളും അണിനിരന്നിരുന്നു,.

Exit mobile version