ഷഹല ഷെറിന്റെ കുടുംബത്തിനെ സന്ദര്‍ശിച്ച് മന്ത്രി എകെ ബാലന്‍: പത്ത് ലക്ഷം രൂപ ധന സഹായം കൈമാറി

സുല്‍ത്താന്‍ ബത്തേരി: ബത്തേരി സര്‍വജന സ്‌കൂളില്‍ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം കൈമാറി. മന്ത്രി എകെ ബാലന്‍ ഷഹലയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ധനസഹായമായ പത്ത് ലക്ഷം രൂപ കൈമാറിയത്. അശ്രദ്ധയുടെ ഇരയായിരുന്നു ഷഹല എന്ന് അദ്ദേഹം പറഞ്ഞു.

നവംബര്‍ 20ന് വൈകീട്ടാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ക്ലാസ് മുറിയില്‍ വച്ച് പാമ്പ് കടിയേറ്റത്. കാലില്‍ ആണി തറച്ചതാണെന്ന് കരുതി വിദ്യാര്‍ത്ഥിനിക്ക് വേണ്ട സമയത്ത് ചികിത്സ നല്‍കാന്‍ അധ്യാപകര്‍ തയ്യാറായില്ല. കുട്ടിയുടെ പിതാവ് എത്തി ആശുപത്രിയില്‍ കൊണ്ടുപോകുമെന്ന നിലപാടാണ് അധ്യാപകര്‍ സ്വീകരിച്ചത്.

കുട്ടിയുടെ പിതാവെത്തി ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് എത്തിച്ചത്. ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായിരുന്നതിനാല്‍ താലൂക്ക് ആശുപത്രില്‍ എത്തിച്ചു. അവിടെ വച്ച് കുട്ടി ഛര്‍ദ്ദിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പ് കുട്ടി മരിച്ചിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ മരണം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

Exit mobile version