48 മണിക്കൂറിനകം വീടൊഴിഞ്ഞ് താക്കോല്‍ വില്ലേജ് ഓഫീസര്‍ക്ക് കൈമാറണം; പ്രീത ഷാജിയോട് ഹൈക്കോടതി

പ്രീത ഷാജിക്ക് പ്രശ്‌ന പരിഹാരത്തിന് പല തവണ അവസരം നല്‍കിയല്ലോയെന്നും ജുഡീഷ്യല്‍ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

കൊച്ചി: സുഹൃത്തിന് വേണ്ടി ബാങ്കി വായ്പയ്ക്ക് ജാമ്യം നിന്ന പ്രീത ഷാജിയുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കി ഹൈക്കോടതിയുടെ ഉത്തരവ്. ബാങ്ക് ജപ്തി ചെയ്ത് ലേലത്തില്‍ വിറ്റ വീടിന്റെ ഉടമ പ്രീത ഷാജി 48 മണിക്കൂറിനകം വീടൊഴിയണമെന്ന് കോടതി ഉത്തരവിട്ടു. വീടിന്റെ താക്കോല്‍ തൃക്കാക്കര വില്ലേജ് ഓഫീസറെ ഏല്‍പ്പിക്കാനും നിര്‍ദേശമുണ്ട്. വില്ലേജ് ഓഫീസര്‍ ഇത് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം.

ഡിസംബര്‍ മൂന്നിന് ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും. വീട് ലേലം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പ്രീത ഷാജി നല്‍കിയ ഹര്‍ജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. പ്രീത ഷാജിക്ക് പ്രശ്‌ന പരിഹാരത്തിന് പല തവണ അവസരം നല്‍കിയല്ലോയെന്നും ജുഡീഷ്യല്‍ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. പ്രീത ഷാജി കോടതിയില്‍ നിന്ന് ഒരു ആനുകൂല്യവും അര്‍ഹിക്കുന്നില്ല.

പകരം സ്ഥലം നല്‍കാമെന്ന ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് എന്നയാളുടെ വാഗ്ദാനം വേണമെങ്കില്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഡിആര്‍ടിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അത് പരിഗണിക്കുന്നത് വരെ സമയം തരണമെന്നും പ്രീത ഷാജി കോടതിയില്‍ ആവശ്യമുന്നയിച്ചു.

Exit mobile version