പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ല: ഭരണഘടനാ വിരുദ്ധമായതൊന്നും ചെയ്യാന്‍ കഴിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. കേന്ദ്രത്തെ എതിര്‍പ്പ് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഏതു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് രാജ്യത്തിന്റെ നയം. അതുതന്നെയാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അതിനുള്ള വേദികളിലൂടെ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മതേതരത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്ന അനേക ലക്ഷം മുസ്ലിം സഹോദരങ്ങളുണ്ട്. പാകിസ്ഥാനിലേത് പോലെ ഇന്ത്യയിലും നടക്കണമെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇത് അംഗീകരിക്കാനാകില്ല. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ അടിത്തറ തന്നെ മതേതരത്വമാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. മതനിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്റെ ഔന്നത്യം. മതത്തിന്റെ മാത്രം അടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. മതേതരത്വം തകര്‍ത്ത് രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് നിയമം കൊണ്ടുവരുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാര്‍ഥ്യമാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സമഗ്രാധിപത്യം സ്ഥാപിക്കാനും ഇന്ത്യയെ മതരാഷ്ട്രമാക്കാനുമുള്ള ഗൂഢാലോചനയാണ് അരങ്ങേറുന്നത്. ഹിറ്റ്ലര്‍ ജര്‍മനിയിലുമൊക്കെ പയറ്റിയ തന്ത്രമാണിത്. അതിന് അധികം ആയുസ്സുണ്ടാകില്ലെന്ന് ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ അടിസ്ഥാനത്തെ അട്ടിമറിക്കാന്‍ കഴിയില്ല’. ഈ നിയമം ജുഡീഷ്യല്‍ പരിശോധനയില്‍ നിലനില്‍ക്കില്ല എന്ന് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version