വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ ബാലാവാകാശ കമ്മീഷന്റെ നിര്‍ദ്ദേശം

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണുമെന്ന്
സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ്.

കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്കാണ് അധ്യാപകനില്‍ നിന്നും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ യുപി വിഭാഗം അധ്യാപകന്‍ ശ്രീനിജിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കുന്നതടക്കം നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ കഴുത്തിന് പിടിച്ചു ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്ത് നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡിസംബര്‍ രണ്ടിനാണ് സംഭവം. ഇത് വാര്‍ത്തയായതിന് പിന്നാലെ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. മുന്‍പും ഈ അധ്യാപകന്‍ കുട്ടികളെ മര്‍ദ്ദിച്ചിരുന്നതായി മൊഴികളില്‍ വ്യക്തമായിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടിയുടെ രക്ഷാകര്‍ത്താകളുടെയും സഹപാഠികളുടെയും അധ്യാപകരുടെ മൊഴി രേഖപ്പെടുത്തിട്ടുണ്ട്.

സ്‌കൂളില്‍ അച്ചടക്കരാഹിത്യം കാട്ടുന്ന കുട്ടികളെ ചൂരല്‍വടി പ്രയോഗിച്ചോ കൈകൊണ്ടോ ശിക്ഷിക്കുന്നത് പുതിയ സ്പെഷ്യല്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകരമാണെന്ന് കമ്മീഷന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുളളതാണ്. സൗജന്യവും നിര്‍ബന്ധിത പരമായ വിദ്യാഭ്യാസ ചട്ടം 17 വകുപ്പ് അനുസരിച്ച് ശാരീരികമോ മാനസികമോ ആയി കുട്ടികളെ പീഡിപ്പിക്കുന്നത് കുറ്റകരമാണ്. അച്ചടക്കം ലംഘിക്കുന്ന കുട്ടികളെ കൗണ്സിലിംഗിലൂടെ പൊതുധാരയിലേക്ക് കൊണ്ടുവരാനാണ് അധ്യാപക സമൂഹം ശ്രമിക്കേണ്ടത്.

Exit mobile version