ഒരാള്‍ക്ക് പോലും ലഭിക്കാതിരിക്കില്ല, വയനാട്ടില്‍ അടിയന്തര ധനസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കും; ഉറപ്പ് നല്‍കി എംഎല്‍എ സികെ ശശീന്ദ്രന്‍

വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ അപേക്ഷിച്ചാല്‍ 10 ലക്ഷം നല്‍കും.

വയനാട്: വയനാട്ടില്‍ പ്രളയാനന്തര അടിയന്തരസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന ഉറപ്പ് നല്‍കി എംഎല്‍എ സികെ ശശീന്ദ്രന്‍. ഇതുവരെ 1370 പേര്‍ക്കാണ് സഹായം ലഭിക്കാത്തത്. ഇവര്‍ക്ക് ഉടനടി സഹായം എത്തിക്കുമെന്ന് അദ്ദേഹം പറയുന്നു. ഒരാള്‍ക്ക് ആണെങ്കില്‍ പോലും അടിയന്തര സഹായം ലഭ്യമാകാതിരിക്കരുതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

എംഎല്‍എയുടെ വാക്കുകള്‍;

വേണ്ട നടപടികള്‍ സ്വീകരിക്കും. വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ അപേക്ഷിച്ചാല്‍ 10 ലക്ഷം നല്‍കും. വീട് വയ്ക്കാനായി ഭൂമി കണ്ടെത്തേണ്ടതുണ്ട്. 24 ന് പുത്തുമലയില്‍ ഭൂമി കണ്ടെത്തി അവിടെ തറക്കല്ലിടും. ആളുകളെ ഉടന്‍ പുനരധിവസിപ്പിക്കും. കേന്ദ്ര ഗവണ്‍മെന്റ് ആവശ്യമായ സഹായം തരാത്തതിന്റെ പ്രതിസന്ധി ഉണ്ട്.

തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓഫീസില്‍ നിന്നാണ് അടിയന്തര സഹായം നല്‍കുന്നത്, ചെറിയൊരു സാങ്കേതിക പ്രശ്‌നം വന്നാല്‍ പൈസ കേറില്ല. വയനാട്ടില്‍ വീട് പണിയാന്‍ ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ട് നിറഞ്ഞതാണ്. ലഭ്യമാകുന്ന സ്ഥലത്ത് വീട് വയ്ക്കാന്‍ പറ്റുമോയെന്ന് വിദഗ്ധന പരിശോധന നടത്തണം. സമയമെടുത്ത് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുക.

Exit mobile version