എല്‍കെജി വിദ്യാര്‍ഥിയുടെ കണ്ണില്‍ പേനകൊണ്ട് കുത്തേറ്റു; ഗുരുതരാവസ്ഥയിലായിട്ടും സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി

കോഴിക്കോട്: കണ്ണില്‍ പേനകൊണ്ട് കുത്തേറ്റ എല്‍കെജി വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. എകെടിഎം എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ തന്‍വീറിനാണ് കണ്ണിന് പരിക്കേറ്റത്.

ഉച്ചയ്ക്ക് 12.30നാണ് തന്‍വീറിന് സഹപാഠിയില്‍ നിന്നും പരിക്കേല്‍ക്കുന്നത്. എന്നാല്‍ കുട്ടിയുടെ അമ്മ മൂന്ന് മണിക്ക് സ്‌കൂളില്‍ എത്തിയ ശേഷമാണ് തന്‍വീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

അപകടം സംബന്ധിച്ച് ക്ലാസ് ടീച്ചര്‍ യഥാസമയം ഹെഡ്മാസ്റ്ററെ വിവരം അറിയിച്ചില്ലെന്നാണ് കുട്ടിയുടെ മാതാവിന്റെ ആരോപണം. കുട്ടിയുടെ അമ്മയാണ് മറ്റ് അധ്യാപകരെ വിവരം അറിയിക്കുന്നത്. എന്നാല്‍ രേഖാമൂലം പരാതി നല്‍കാന്‍ ഇപ്പോള്‍ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബാലാവകാശ കമ്മീഷന്‍ സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്.

വിദ്യാര്‍ഥിയുടെ കൃഷ്ണമണിക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കാഴ്ച തിരിച്ച് കിട്ടുമോയെന്നത് സംബന്ധിച്ച് ഉറപ്പ് പറയാനാകില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

Exit mobile version