തൃശ്ശൂരില്‍ എസ്ബിഐ ബാങ്കിന്റെ ശാഖയില്‍ കവര്‍ച്ചാ ശ്രമം; ബാങ്ക് കുത്തിത്തുറക്കാന്‍ ശ്രമിച്ചു

തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ബാങ്ക് കവര്‍ച്ചാ ശ്രമം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ബാങ്ക് കവര്‍ച്ചാ ശ്രമം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ബാങ്ക് തകര്‍ത്ത് അകത്തുകടക്കാനുള്ള ശ്രമത്തിനിടെ സൈറണ്‍ കേട്ട് മോഷ്ടാക്കള്‍ ഓടിയെന്നാണ് വിവരം. തൃശ്ശൂരില്‍ ഇന്നലെ രാത്രി 12 മണിക്കാണ് മോഷണ ശ്രമം നടന്നത്. എന്നാല്‍ സൈറണ്‍ കേട്ട് ബാങ്ക് മാനേജര്‍ സ്ഥലത്തെത്തിയപ്പോള്‍ കള്ളന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം, ബാങ്കില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി.

തൃശൂര്‍ – കുന്നംകുളം ദേശീയ പാതയോട് ചേര്‍ന്നാണ് ഈ ബാങ്ക് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

അതേസമയം, ഇന്നലെ രാത്രി കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ സമാന സംഭവം ഉണ്ടായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ബാങ്കിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് കമ്പികള്‍ വളച്ച് അകത്ത് കടന്ന മോഷ്ടാവ് മുഖം മൂടി ധരിച്ച് മുഖം മറച്ചിരുന്നു. ബാങ്കിന് സമീപത്ത് നിന്നും മോഷ്ടാവിന്റേതെന്ന് കരുതുന്ന മോബൈല്‍ഫോണും ആക്‌സോ ബ്ലെയ്ഡും പോലീസിന് ലഭിച്ചു.

Exit mobile version