ഇനി ആരും പട്ടിണി കിടക്കരുത്; പാതയോരങ്ങളിലും റെയിൽവേ പരിസരത്തും ഷെഡ് കെട്ടി താമസിക്കുന്നവർക്കും ഇനി റേഷൻ കാർഡ്

പാലക്കാട്: ഇനി മുതൽ സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത, പാതയോരങ്ങളിലും പുറമ്പോക്കുകളിലും ഷെഡ് കെട്ടി താമസിക്കുന്നവർക്കും റേഷൻകാർഡ് ലഭ്യമാക്കും. പാതയോരങ്ങൾ, തോട്, കനാൽ എന്നിവയ്ക്കരികിലും റെയിൽവേ പരിസരത്തും ഷെഡുകളിൽ താമസിക്കുന്നവർക്കാണ് ഇതോടെ റേഷൻ കാർഡ് ലഭിക്കുക. ഇത്തരം കുടുംബങ്ങളെ കണ്ടെത്തി തുടർനടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർമാർക്കും സിറ്റി റേഷനിങ് ഓഫീസർമാർക്കും പൊതുവിതരണ ഡയറക്ടർ നിർദേശം നൽകി.

തിരുവനന്തപുരം കൈതമുക്ക് ഉപ്പിടാംമൂട് പാലത്തിനു സമീപം താമസിക്കുന്ന ആറ് കുഞ്ഞുങ്ങളടങ്ങിയ കുടുംബത്തിന്റെ പട്ടിണി വാർത്ത പുറത്തുവന്നതോടെയാണു നടപടി. പുറമ്പോക്കിൽ താമസിക്കുന്ന മിക്ക കുടുംബങ്ങൾക്കും റേഷൻ കാർഡ് ഇല്ലെന്നാണു വിവിധ സർവേകൾ വ്യക്തമാക്കുന്നത്. അതിനാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യം ഇവർക്കു ലഭിക്കാറില്ല.

റേഷൻ കാർഡില്ലാത്തതിനെ തുടർന്ന് നിത്യവരുമാനമില്ലാത്തവർക്ക് പോലും ഉയർന്ന വില കൊടുത്ത് അരിയും മറ്റും പൊതുവിപണിയിൽ നിന്നു വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിനും കഴിയാത്തവരാണു പുറമ്പോക്കിൽ താമസിക്കുന്നവരിലേറെയും. ഈ വിഭാഗത്തിലുള്ള പലർക്കും നേരത്തേ താൽക്കാലിക കാർഡുകൾ വഴി റേഷൻ ലഭ്യമാക്കിയിരുന്നു. പക്ഷെ, പൊതുവിതരണ സംവിധാനം ഡിജിറ്റലാക്കിയതോടെ അവ അസാധുവായി. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന താൽക്കാലിക വീട്ടുനമ്പർ ഉപയോഗിച്ചാണു കുടിലുകളിലും താൽക്കാലിക ഷെഡുകളിലും കഴിയുന്നവർക്കുകൂടി റേഷൻ കാർഡ് അനുവദിക്കുക.

Exit mobile version