സിഗ്‌നലില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ പോലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു; 24 മണിക്കൂറിനുള്ളില്‍ പ്രതിയെ ‘പൊക്കി’ പോലീസ്

പോലീസിന്റെ കണ്ണുവെട്ടിച്ച് പോലീസ് ജീപ്പില്‍ നിന്ന് മുങ്ങിയ പ്രതി 24 മണിക്കൂറിനുള്ളില്‍ പിടിയിലായി.

കോഴിക്കോട്: പോലീസിന്റെ കണ്ണുവെട്ടിച്ച് പോലീസ് ജീപ്പില്‍ നിന്ന് മുങ്ങിയ പ്രതി 24 മണിക്കൂറിനുള്ളില്‍ പിടിയിലായി. തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങി ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് ഓടപറമ്പില്‍ അജ്മലാ(25)ണ് പിടിയിലായത്. കൊടുവള്ളി പോലീസും പെരിന്തല്‍മണ്ണ പോലീസും നടത്തിയ സംയുക്ത പരിശോധനയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് ശനിയാഴ്ച വൈകിട്ടാണ് ഇയാള്‍ പിടിയിലായത്.

കൊടുവള്ളിയിലെത്തിക്കുന്ന പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കോഴിക്കോട് തൊണ്ടയാട് ജംഗ്ഷന് സമീപത്ത് ട്രാഫിക് സിഗ്‌നലില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ കൈവിലങ്ങുമായി ജീപ്പിലുണ്ടായിരുന്ന പോലീസുകാരെ വെട്ടിച്ച് അജ്മല്‍ ഓടി രക്ഷപ്പെട്ടത്.

കൊടുവള്ളി സ്റ്റേഷനിലെ ഡ്രൈവറും രണ്ട് പോലീസുകാരുമായിരുന്നു പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയത്. കേസിലെ മറ്റൊരു പ്രതിയായ പുത്തനത്താണി ചുങ്കം ആലുങ്ങല്‍ ജുനൈദും (24) ജീപ്പിലുണ്ടായിരുന്നു.

മൂന്നംഗ മോഷണസംഘം സഞ്ചരിച്ച ജീപ്പ് കൊടുവള്ളി പഴയ ആര്‍ടി ഓഫീസിടുത്ത് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അജ്മലും ജുനൈദും പോലീസ് പിടിയിലായത്. നവംബര്‍ 29നായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മലപ്പുറം സ്വദേശി റഹിം അന്ന് തന്നെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇവര്‍ സഞ്ചരിച്ച ജീപ്പും കോഴിച്ചെനയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്ന് മോഷ്ടിച്ച പത്തോളം വില കൂടിയ മൊബൈല്‍ ഫോണുകളും മെഡിക്കല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.

Exit mobile version