ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഒരേ നിറം

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. നിര്‍ദേശങ്ങളടങ്ങുന്ന അജണ്ട ഉടന്‍ ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ) പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസുകള്‍ക്ക് ഒരൊറ്റ നിറമാവും പരിഗണിക്കുക. ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനങ്ങള്‍ വന്‍ വിവാദമായതോടെയാണ് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് 2018 ഏപ്രില്‍ മുതല്‍ ഏകീകൃത നിറം നിര്‍ബന്ധമാക്കയിരുന്നു. സിറ്റി, മൊഫ്യൂസല്‍ (നാട്ടിന്‍പുറം), ലിമിറ്റഡ് സ്റ്റോപ്പ് എന്നിങ്ങനെ സര്‍വ്വീസുകളുടെ തരം അനുസരിച്ച് മൂന്നുതരം നിറങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇതേ മാതൃകയില്‍ ടൂറിസ്റ്റ് ബസുകള്‍ക്കും യൂണിഫോം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

വിനോദ യാത്രക്കിടെ ഡ്രൈവര്‍മാര്‍ നടത്തിയ നിയമലംഘനങ്ങളും ബസുകളുപയോഗിച്ച് സ്‌കൂളില്‍ അഭ്യാസപ്രകടനം നടത്തിയതും മറ്റും അടുത്തിടെ വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഉള്ളില്‍ ഡാന്‍സ് ഫ്ളോറുകള്‍ സജ്ജീകരിച്ചും ലേസര്‍ലൈറ്റുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ചുമുള്ള ഈ ബസുകളുടെ പരാക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നത്.

ബസിന്റെ ഉള്ളിലെ ലൈറ്റുകളും സീറ്റുകള്‍ അടക്കമുള്ളവ എങ്ങനെ വേണമെന്ന് കേന്ദ്ര ഗതാഗതനിയമത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെയാണ് ഇത്തരം നിയമലംഘനങ്ങള്‍. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരമാണ് ഇതിനൊക്കെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version