നഴ്‌സ് ലിനിയ്ക്ക് ആദരം: ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: നഴ്‌സ് ലിനി പുതുശ്ശേരിക്കുള്ള മരണാനന്തര ബഹുമതിയായി ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേള്‍ പുരസ്‌കാരം സമ്മാനിച്ചു. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ലിനിക്ക് വേണ്ടി ഭര്‍ത്താവ് പി സജീഷ് രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടെ നിപ ബാധിച്ചാണ് നഴ്‌സ് ലിനിയും അനശ്വരയായത്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്സായിരുന്നു ലിനി. നിപ ബാധിച്ച ലിനിയെ വൈകാതെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിപ സെല്ലില്‍ പ്രവേശിപ്പിച്ചു.

2018 മെയ് 21നാണ് ചികിത്സയിലിരിക്കെ ലിനി ഈ ലോകത്തോട് വിട പറയുന്നത്. മരണ ശേഷം വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് മൃതദേഹം ബന്ധുക്കള്‍ക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു.

നഴ്‌സ് ലിനിയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള പുരസ്‌ക്കാരം ലിനിയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരുന്നു. സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് എന്ന പേരിലുള്ള പുരസ്‌കാരം സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള അവാര്‍ഡായാണ് സമ്മാനിക്കുന്നത്.

ലോകാരോഗ്യ സംഘടനയും എക്കണോമിസ്റ്റ് മാസികയും ലിനിയുടെ സേവനത്തെ നേരത്തെ അംഗീകരിച്ചിരുന്നു. ലിനിയുടെ ഭര്‍ത്താവിന് നേരത്തെ ആരോഗ്യവകുപ്പിന് കീഴില്‍ എല്‍.ഡി ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു.

Exit mobile version