തലസ്ഥാനം ഇനി സിനിമാ ലഹരിയില്‍: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു, പാസ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രം

തിരുവനന്തപുരം: 24ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഔദ്യോഗികമായി തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. നടി ശാരദ വിശിഷ്ടാതിഥിയായി.

സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ അധ്യക്ഷനായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജൂറി അംഗമായ ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ, ജൂറി ചെയര്‍മാന്‍ സംവിധായകന്‍ കമല്‍, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, എംഎല്‍എ വികെ പ്രശാന്ത്, മേയര്‍ കെ ശ്രീകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍ എഡിറ്റര്‍ ബീനാ പോള്‍, റാണി ജോര്‍ജ് ഐഎഎസ്, ചലച്ചിത്രമേള സെക്രട്ടറി മഹേഷ് പഞ്ജു തുടങ്ങിയവര്‍ സംബന്ധിച്ചു.

മലയാളി പ്രേക്ഷകന്റെ ആസ്വാദന നിലവാരം കൂടിയതില്‍ ഐഎഫ്എഫ്‌കെ പങ്കുവഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണ് ഐഎഫ്എഫ്‌കെ. മൂന്നാം ലോക രാജ്യങ്ങളിലെ ചിത്രങ്ങള്‍ക്കൊപ്പമാണ് ഈ മേള. നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം നിശാഗന്ധിയില്‍ തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സര്‍ പ്രദര്‍പ്പിച്ചു.

ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നേ 5 വേദികളില്‍ പ്രദര്‍ശനം തുടങ്ങി. വേള്‍ഡ് സിനിമ വിഭാഗത്തില്‍ 15 സിനിമകള്‍ ഉദ്ഘാടനച്ചടങ്ങിന് മുമ്പ് പ്രദര്‍ശനം നടക്കും. ഫ്രഞ്ച് ചിത്രം ബേര്‍ണിങ് ഗോസ്റ്റ്, ലാത്വിയന്‍ ചിത്രം ഒലഗ് തുടങ്ങിയവ രാവിലെ പ്രദര്‍ശിപ്പിച്ചു.

73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 14 സ്‌ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദര്‍ശനം. ഒമ്പതിനായിരത്തോളം പേര്‍ക്ക് ഒരേ സമയം സിനിമ കാണാം. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ മൊബൈല്‍ അപ്ലിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ആര്‍കെ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറയാണ് ജൂറി ചെയര്‍മാന്‍.

Exit mobile version