സ്വരമിടറിയില്ല, പതര്‍ച്ചയില്ല; രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, കൈയടി നേടി സഫ

രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് സഫ സ്റ്റേജിലേയ്ക്ക് കയറിയത്.

കരുവാരക്കുണ്ട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പരിഭാഷകയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഒരു പതര്‍ച്ചയുമില്ലാതെ, സ്വരമിടറാതെ പരിചയസമ്പത്ത് ഉള്ളതിന് സമാനമായി ഓരോ വാക്കുകള്‍ക്കും ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കി താരമായത് മറ്റാരുമല്ല, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സഫ എന്ന കൊച്ചുമിടുക്കിയാണ്.

മലപ്പുറം കരുവാരക്കുണ്ട് ജിഎച്ച്എസ്എസ് സ്‌കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ചടങ്ങില്‍ രക്ഷിതാക്കള്‍ക്കും സഹപാഠികള്‍ക്കുമൊപ്പം വേദിയിലിരിക്കുകയായിരുന്നു സഫയും. രാഹുലിന്റെ ക്ഷണം സ്വീകരിച്ചാണ് സഫ സ്റ്റേജിലേയ്ക്ക് കയറിയത്.

തുടര്‍ന്ന് രാഹുല്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം സഫ പൂര്‍ണ്ണമായും മലയാളീകരിച്ചു. സദസിലുള്ളവര്‍ നിറകൈയ്യടികളും നല്‍കി. പ്രസംഗത്തിന് ശേഷം രാഹുലടക്കമുള്ള നേതാക്കള്‍ സഫയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു. ജിഎച്ച്എസ്എസ് സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് സഫ.

Exit mobile version