എസ്പി യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കും; എഎന്‍ രാധാകൃഷ്ണന്‍

ധിക്കാരപരമായ സമീപനമാണ് യതീഷ് ചന്ദ്രയുടെ ഭാഗത്തുനിന്നുണ്ടായതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

പമ്പ: എസ്പി യതീഷ് ചന്ദ്രയെ സസ്പെന്റ് ചെയ്യണെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിക്കുമെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. നിലയ്ക്കലില്‍ പോലീസിന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്നാണ് എഎന്‍ രാധാകൃഷ്ണന്റെ ആരോപണം. ധിക്കാരപരമായ സമീപനമാണ് യതീഷ് ചന്ദ്രയുടെ ഭാഗത്തുനിന്നുണ്ടായതെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.

കഴിഞ്ഞദിവസം യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമൊക്കെ വന്ന വേളയില്‍ ഉണ്ടായ ഒരു സമീപനമല്ല പോലീസിന്റെ ഭാഗത്തുനിന്നും ഇന്നുണ്ടായത്. കറുത്ത നിറമുള്ളവന്‍ ആണ് എന്നുളള വിവേചനപൂര്‍ണമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സ്വകാര്യ വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ബിജെപി നേതാക്കള്‍ക്കും ഭക്തര്‍ക്കും പോലീസ് അനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് യതീഷ് ചന്ദ്രയും കേന്ദ്രമന്ത്രിയും തമ്മില്‍ ഏറെ നേരെ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പിന്നാലെ യതീഷ് ചന്ദ്രയോട് രാധാകൃഷ്ണന്‍ രോഷാകുലനായിരുന്നു.

പ്രളയത്തെ തുടര്‍ന്ന് മണ്ണെല്ലാം നനഞ്ഞ് കുതിര്‍ന്നിരുന്നതിനാല്‍ ഏതു സമയത്തും മണ്ണിടിച്ചലുണ്ടാകാമെന്നും അക്കാരണം കൊണ്ടുമാത്രമാണ് വാഹനങ്ങള്‍ പ്രവേശിപ്പിക്കാത്തതെന്നുമായിരുന്നു യതീഷ് ചന്ദ്ര മന്ത്രിക്കു മുമ്പാകെ പറഞ്ഞത്.

അങ്ങനെയാണെങ്കില്‍ കെഎസ്ആര്‍ടിസിയെ എന്തുകൊണ്ടാണ് പാര്‍ക്കു ചെയ്യാന്‍ അനുവദിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചോദിച്ചിരുന്നു. കെഎസ്ആര്‍ടിസി ആളുകളെ ഇറക്കിയശേഷം അവിടെ നിന്നും തിരിച്ചുപോരുകയാണ് ചെയ്യുന്നതെന്നും അവിടെ പാര്‍ക്കു ചെയ്യുന്നില്ലെന്നും എസ്പി വിശദീകരിച്ചിരുന്നു.

Exit mobile version