ശബരിമല വിഷയത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കും; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ നോട്ടീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പു നല്‍കുന്നത്.

പത്തനംതിട്ട: സോഷ്യല്‍ മീഡിയകളുടെയും മറ്റും സഹായത്തോടെ ശബരിമലയില്‍ അസ്ഥിരത സൃഷ്ടിക്കുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ്.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ നോട്ടീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പു നല്‍കുന്നത്.

‘ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വോയിസ് മെസേജുകളും ഫേസ്ബുക്ക് പോസ്റ്റുകളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇപ്രകാരം കലുഷിതമായ മെസേജുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരുടെ വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചിട്ടുണ്ട്. അവരുടെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത് അവരെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ‘ എന്നാല്‍ സര്‍ക്കുലറില്‍ പറയുന്നത്.

ഡിജിപിയുടെ സര്‍ക്കുലര്‍ അനുസരിച്ചാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശ് ഐപിഎസ് പറഞ്ഞു. ഇത്തരം പോസ്റ്റുകള്‍ വലിയ തോതില്‍ വരുന്നത് വിദേശത്തു നിന്നാണ്. അവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ക്രിമിനല്‍ കേസാണ്. ആ രീതിയില്‍ തന്നെ ഈ വിഷയത്തെ കാണും. മുന്നറിയിപ്പ് എന്ന നിലയിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നും അദ്ദേഹം പറയുന്നു.

Exit mobile version