ക്ലാസ് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതിക്കില്ല; ഭക്ഷണം തട്ടിപ്പറിക്കും; കുരങ്ങു ശല്യത്തില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികളും അധ്യാപകരും

കുരുങ്ങുശല്യം കാരണം കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതും ഏറെ ബുദ്ധിമുട്ടിയാണ്

മറയൂര്‍: ക്ലാസ് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധം വാനര ശല്യം കൂടിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മറയൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. നൂറിലധികം കുരങ്ങന്‍മാരാണ് സ്‌കൂള്‍ പരിസരത്ത് തമ്പടിച്ചിരിക്കുന്നത്. കുരുങ്ങുശല്യം കാരണം കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതും ഏറെ ബുദ്ധിമുട്ടിയാണ്.

സംഭവത്തെത്തുടര്‍ന്ന് അധ്യാപക രക്ഷാകര്‍ത്തൃ സമിതി വിദ്യാഭ്യാസ മന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം സമര്‍പ്പിക്കുവാന്‍ തീരുമാനമെടുത്തു. കുരങ്ങു ശല്യം കൂടിയതോടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ് മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കുട്ടികളുടെ ബാഗുകളും ഭക്ഷണവുമെല്ലാം കുരങ്ങന്മാര്‍ എടുത്തുകൊണ്ടുപോകുന്നതും പതിവായിരിക്കുകയാണ്.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് സ്‌കൂള്‍ കെട്ടിടത്തിന് പുറത്താണ് സൗകര്യമുള്ളത്. അക്രമകാരികളായ കുരങ്ങന്‍മാരെ ഭയന്ന് പല കുട്ടികളും പ്രാഥമിക കര്‍മ്മങ്ങള്‍ ഒഴിവാക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും നിവേദനം സമര്‍പ്പിക്കുവാന്‍ തീരുമാനമെടുത്തത്.

Exit mobile version