കുട്ടികളുടെ ‘ഗൗരവമായ’ ആ പരാതി പരിഹരിച്ച് പോലീസ്; നാലാംക്ലാസുകാരന് സൈക്കിള്‍ തിരികെ ലഭിച്ചു

തന്റെയും അനിയന്റെയും കേടായ സൈക്കിളുകള്‍ കഴിഞ്ഞ സെപ്റ്റബര്‍ അഞ്ചിനാണ് ആബിര്‍ ബാലകൃഷ്ണനെ ഏല്‍പ്പിച്ചത്.

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയെ ചിരിപ്പിച്ച ഒന്നാണ് നോട്ടുബുക്കിന്റെ പേജില്‍ നാലാംക്ലാസുകാരന്‍ എഴുതി കൊടുത്ത പരാതി. തങ്ങളുടെ സൈക്കിള്‍ ശരിയാക്കി നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ട് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. പോലീസിന്റെ ഇടപെടലില്‍ കുട്ടിക്ക് സൈക്കിള്‍ തിരികെ ലഭിക്കുകയും ചെയ്തു.

നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ ലഭിക്കാതെ വന്നതോടെയാണ് കോഴിക്കോട് എളമ്പിലാട് യുപി സ്‌കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിര്‍ പോലീസിനെ സമീപിച്ചത്. കാര്യം കുട്ടിക്കളിയല്ലെന്ന് കണ്ടാണ് ജനമൈത്രി പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. സ്‌കൂളിനടുത്ത് സൈക്കിള്‍ കട നടത്തുന്ന ബാലകൃഷ്ണനെതിരെയാണ് കുട്ടി പരാതി നല്‍കിയത്.

തന്റെയും അനിയന്റെയും കേടായ സൈക്കിളുകള്‍ കഴിഞ്ഞ സെപ്റ്റബര്‍ അഞ്ചിനാണ് ആബിര്‍ ബാലകൃഷ്ണനെ ഏല്‍പ്പിച്ചത്. കൂലിയായി 200 രൂപയും നല്‍കി. ഒരാഴ്ചയ്ക്കം നന്നാക്കി കൊടുക്കാമെന്നായിരുന്നു വാക്കെങ്കിലും മാസം രണ്ട് കഴിഞ്ഞിട്ടും സൈക്കിള്‍ തിരികെ കിട്ടിയില്ലെന്നായിരുന്നു പരാതി. ഗള്‍ഫിലുളള പിതാവിനോട് കാര്യം പറഞ്ഞു, വീട്ടില്‍ അമ്മയോടും പിതാവിന്റെ സഹോദരനോടും പ്രശ്‌നം അവതരിപ്പിച്ചു. ആരും സഹായിക്കുന്നില്ലെന്ന് തോന്നിയപ്പോഴാണ് ആബിര്‍ പോലീസിന്റെ അടുത്തെത്തിയത്.

പരാതി കിട്ടിയ ഉടന്‍ ആബിറിനെയും കൂട്ടി ബലകൃഷ്ണനെ കണ്ട് സംഗതി തിരക്കി. വ്യാഴാഴ്ചയ്ക്കകം സൈക്കിള്‍ നന്നാക്കിക്കൊടുക്കണമെന്ന് നിര്‍ദേശവും നല്‍കി. പറഞ്ഞതിന് ഒരു ദിവസം മുന്‍പേ തന്നെ ബാലകൃഷ്ണന്‍ സൈക്കിള്‍ റെഡിയാക്കി കൊടുക്കുകയായിരുന്നു. സൈക്കിള്‍ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആബിറിന്റെ അനുജന്‍ ഷാഹിദ്. സംഭവത്തില്‍ ആബിറിനെ ആദരിക്കാനായി വടകര ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Exit mobile version