കീഴടങ്ങിയ ഐഎസ് സംഘത്തിൽ നിമിഷയും ഭർത്താവും കുഞ്ഞും ഉണ്ട്; വെളിപ്പെടുത്തി നിമിഷയുടെ അമ്മ ബിന്ദു

തിരുവനന്തപുരം: ഐഎസിൽ ചേരാനായി കേരളത്തിൽ നിന്നും വിദേശത്തേക്ക് കടന്ന തന്റെ മകൾ നിമിഷ ഫാത്തിമയും ഭർത്താവും കുഞ്ഞും അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ ഐഎസ് സംഘത്തിലുണ്ടെന്ന് അമ്മ ബിന്ദു സമ്പത്ത്. നങ്ഗർഹർ പ്രവിശ്യയിൽ കീഴടങ്ങിയ ഇന്ത്യക്കാരിൽ മലയാളികളായ നിമിഷയും കുടുംബവുമുണ്ടെന്നാണ് ബിന്ദു തറപ്പിച്ച് പറയുന്നത്. നിമിഷ ഫാത്തിമ, ഭർത്താവ് ബെക്‌സിൻ വിൻസന്റ് എന്ന ഈസ, കൊച്ചുമകൾ എന്നിവരെ എൻഐഎ കാണിച്ച ചിത്രങ്ങളിൽ നിന്നും ബിന്ദു തിരിച്ചറിഞ്ഞിരിക്കുന്നത്.

രണ്ടാഴ്ച മുമ്പ് അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ വെച്ചാണ് സുരക്ഷാ സേനയുടെ മുമ്പാകെ 900 അംഗ ഇസ്ലാമിക് സ്റ്റേറ്റ് സംഘം കീഴടങ്ങിയത്. ഇവരുടെ കൂട്ടത്തിൽ 10 ഇന്ത്യക്കാരുണ്ടെന്നും ഇവരിൽ ഭൂരിഭാഗം പേരും മലയാളികളാണെന്നും ആണ് എൻഐഎ വൃത്തങ്ങൾ പറയുന്നത്.

ഈ കൂട്ടത്തിലാണ് നിമിഷയടക്കമുള്ളവർ ഉള്ളതെന്നാണ് ബിന്ദു പറയുന്നത്. കേന്ദ്രസർക്കാരിൽ നിന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും കിട്ടിയിട്ടില്ലെന്നും, എന്നാൽ എൻഐഎ അയച്ചു തന്ന ചില ചിത്രങ്ങളിൽ തന്റെ മകളുടെ ഭർത്താവിനെയും കൊച്ചുമകളെയും കണ്ടതായി ബിന്ദു സമ്പത്ത് വ്യക്തമാക്കുകയായിരുന്നു.

നങ്ഗർഹറിൽ ഐസിസ് സംഘം കീഴടങ്ങിയതിന് പിന്നാലെയാണ് എൻഐഎ ചില ചിത്രങ്ങൾ അയച്ചു തന്നതെന്ന് ബിന്ദു പറയുന്നു. ഇതിൽ തന്റെ മരുമകനെ കാണാമായിരുന്നു. കൊച്ചുമകൾ ഒരു സ്ത്രീയുടെ മടിയിൽ ഇരിക്കുന്നതും കാണുന്നുണ്ട്. എല്ലാ സ്ത്രീകളും തലയിലൂടെ മുഖാവരണം ധരിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് മുഖം വ്യക്തമല്ല. പക്ഷേ, എന്റെ കൊച്ചുമകൾ ഇരിക്കുന്നുണ്ടെങ്കിൽ അത് മകളുടെ മടിയിൽ തന്നെയായിരിക്കുമല്ലോ, അതുകൊണ്ടാണ് ഇത് മകളാണെന്ന് പറയുന്നത് ബിന്ദു പറയുന്നു, മരുമകൻ ബെക്‌സിന്റേതായി കണ്ട ചിത്രങ്ങൾ പാലക്കാട് യാക്കരയിലുള്ള ബെക്‌സിന്റെ അമ്മ ഗ്രേസിക്ക് അയച്ചുകൊടുത്തെന്നും അവരും അത് സ്വന്തം മകൻ തന്നെയാണെന്ന് സ്ഥിരീകരിച്ചെന്നും ബിന്ദു വ്യക്തമാക്കി.

Exit mobile version