തൃശ്ശൂരില്‍ ഡോക്ടറെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച; ഭാര്യ കരഞ്ഞ് അപേക്ഷിച്ചപ്പോള്‍ വിവാഹ മോതിരവും സര്‍ട്ടിഫിക്കറ്റുകളും തിരികെ നല്‍കി, സൂക്ഷിച്ചു വെയ്ക്കണമെന്ന് ഉപദേശവും

6 മണി വരെ പോലീസിനെ അറിയിക്കരുത് എന്ന് നിബന്ധന വെച്ചിട്ടാണു മോഷ്ടാക്കള്‍ ഇറങ്ങിയത്.

മണ്ണുത്തി: തൃശ്ശൂരില്‍ ഡോക്ടറെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ കവര്‍ച്ചാ സംഘത്തോട് ഡോക്ടറുടെ ഭാര്യ കരഞ്ഞ് അപേക്ഷിച്ചു. മനസ്സലിഞ്ഞ് വിവാഹ മോതിരം മാത്രം മടക്കി നല്‍കി. ഒപ്പം കുറച്ച് സര്‍ട്ടിഫിക്കറ്റുകളും. തന്റെ വിവാഹ മോതിരവും അവര്‍ തിരികെ തരുമായിരുന്നു എന്നു പറയുന്ന ഡോക്ടര്‍ ക്രിസ്റ്റോ, ആ സമയം മാനസികാഘാതത്തില്‍പെട്ട് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.

സാധനങ്ങള്‍ വാരിവലിച്ചിടുന്ന കൂട്ടത്തിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ താഴെ വീണത്. ഉടനെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്ത് നല്‍കിയ സംഘം, ഇതെല്ലാം സൂക്ഷിച്ചുവെയ്ക്കണ്ടേ എന്നും ഉപദേശം നല്‍കി. ഇംഗ്ലിഷിലായിരുന്നു സംസാരം. 3.45ന് സംഘം വീട്ടില്‍ നിന്ന് ഇറങ്ങി. 6 മണി വരെ പോലീസിനെ അറിയിക്കരുത് എന്ന് നിബന്ധന വെച്ചിട്ടാണു മോഷ്ടാക്കള്‍ ഇറങ്ങിയത്.

അറിയിച്ചാല്‍ പുറത്തിറങ്ങുമ്പോള്‍ വാഹനമിടിച്ചു കൊലപ്പെടുത്തേണ്ടി വരുമെന്നും തങ്ങളുടെ ആളുകള്‍ ഇവിടെയൊക്കെ ഉണ്ടെന്നും സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തി. രാവിലെ 6ന് കൊച്ചിയിലുള്ള ബന്ധുവിനെയാണ് ആദ്യം ഫോണില്‍ വിവരമറിയിച്ചത്. ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Exit mobile version