ബത്തേരിയില്‍ സദാചാര ആക്രമണം: യുവാവിനെ നഗ്നനാക്കി കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരെ കേസ്

കല്‍പറ്റ: വയനാട് ബത്തേരി വാകേരിയില്‍ യുവാവിനെതിരെ സദാചാര ആക്രമണം.
പൂര്‍ണ്ണ നഗ്നനാക്കി കൈകള്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മര്‍ദിച്ച കണ്ടാലറിയുന്ന സ്ത്രീ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്കെതിരെ മീനങ്ങാടി പോലീസ് കേസെടുത്തു.

കഴിഞ്ഞദിവസമാണ് വാകേരിയില്‍ വെച്ച് രാത്രിയില്‍ ഒരുകൂട്ടമാളുകള്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ഒരു വീടിനു സമീപം വെച്ചായിരുന്നു സംഭവം. പ്രദേശത്തെ സ്ത്രീകളെ നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് യുവാവിനെ സ്ത്രീകളടക്കമുള്ള സംഘം ആക്രമിച്ചത്.

വടിയും കമ്പിയും ഉപയോഗിച്ചാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇടത് കൈയ്യിന്റെ എല്ലൊടിഞ്ഞു. പോലീസ് എത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അതിക്രൂരമായാണ് തന്നെ മര്‍ദ്ദിച്ചതെന്ന് യുവാവ് പറഞ്ഞു.

Exit mobile version