ഷെഹ്‌ലാ ഷെറിന്റെ മരണം: അധ്യാപകര്‍ക്കെതിരെ രംഗത്തെത്തിയ സഹപാഠികള്‍ക്കെതിരെ നാട്ടുകാരുടെ ഭീഷണി

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിനി ക്ലാസ്മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ രംഗത്തെത്തിയ സഹപാഠികള്‍ക്കെതിരെ നാട്ടുകാരുടെ ഭീഷണി. സ്‌കൂളിന്റെ സല്‍പേരിന് കളങ്കം വരുത്തുകയാണ് വിദ്യാര്‍ഥികള്‍ ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

ഇനി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിക്കരുത് എന്നാണ് അധ്യാപകര്‍ക്കെതിരെ സംസാരിച്ച വിദ്യാര്‍ഥികളോട് നാട്ടുകാരില്‍ ഒരു വിഭാഗം ഭീഷണി മുഴക്കിയത്.

സുല്‍ത്താന്‍ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി ഷെഹ്‌ലാ ഷെറിനാണ് അധ്യാപകരുടെ അലംഭാവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പാമ്പ് കടിയേറ്റ് കുട്ടി ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണം സംഭവിക്കാന്‍ ഇടയാക്കിയത്. ഇക്കാര്യം സഹപാഠികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞതോടെ അധ്യാപകര്‍ പ്രതി സ്ഥാനത്തായി, ജോലിയില്‍ നിന്നും പിരിച്ചുവിട്ട് സര്‍ക്കാര്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, തങ്ങളുടെ സഹപാഠിയുടെ ജീവനെടുക്കാന്‍ ഇടയാക്കിയ അലംഭാവത്തെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് കുട്ടികള്‍ പറയുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മേലും സമ്മര്‍ദ്ദം ഉണ്ട്. എന്നാല്‍ തങ്ങളുടെ കൂട്ടുകാരിക്ക് വേണ്ടി നടത്തിയ തുറന്നുപറച്ചിലില്‍ കുറ്റബോധമില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Exit mobile version