ഫോൺ നമ്പർ സ്ഥിരമായി മാറ്റും; ജോലി വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കേട്ടാലറയ്ക്കുന്ന തെറി വിളിക്കൽ; ഒടുവിൽ 29കാരന് കുരുക്ക്; ഒരു സുഖമെന്ന് പ്രതി

തൃശ്ശൂർ: മൂന്ന് മാസത്തോളമായി വനിതാ പോലീസുകാരുടെ ഉറക്കം കളഞ്ഞിരുന്ന സാമൂഹ്യവിരുദ്ധനെ ഒടുവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി തൃശ്ശൂരിലെ വനിതാ പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്ക് നിരന്തരം വിളിച്ച് കേട്ടാൽ ചെവിക്കല്ല് പോകുന്ന തരത്തിലെ തെറി വിളിച്ച് ‘മനസുഖം’ കണ്ടെത്തിയിരുന്ന യുവാവിനെയാണ് പോലീസ് ഒടുവിൽ പിടികൂടിയിരിക്കുന്നത്.

തീക്കട്ടയിലും ഉറുമ്പ് അരിക്കുക എന്നതുപോലെ, ഒരാൾ നിരന്തരം വനിതാ സ്റ്റേഷനിലേക്കു വിളിക്കുകയും കോൾ അറ്റൻഡ് ചെയ്താൽ ഉടൻ നിർത്താതെ തെറി വിളിക്കുകയും ചെയ്യും. ഈ കോൾ പതിവായതോടെ വനിതാ ഉദ്യോഗസ്ഥർ പിന്നെ ഫോൺ തന്നെ എടുക്കാതെയായി. പിന്നീടും തെറിവിളിക്കാനായി മാത്രം ആ കോൾ നിരന്തരം വന്നുകൊണ്ടിരുന്നു. ഫോൺ നിർത്താതെ ചിലച്ചപ്പോഴെല്ലാം മറുതലയ്ക്കൽ തെറിവിളിക്കാൻ വെമ്പി നിൽക്കുന്ന ആ അജ്ഞാതനായിരുന്നു. രാത്രി വൈകി വരെ ഇതു തന്നെയായിരുന്നു പതിവ്.

ലാൻഡ് ഫോണിലെ ഫോൺ ശല്യം കോളെടുക്കാതെയായതോടെ വനിതാ ഉദ്യോഗസ്ഥരുടെ പേഴ്‌സണൽ മൊബൈൽ ഫോണുകളിലേക്കായി. നിരന്തരം വിളി വന്നതോടെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ തലവേദനയായി. ഒടുവിൽ സഹികെട്ട് അവർ സൈബർ സെല്ലിന് വിവരങ്ങൾ കൈമാറി. ഇതോടെയാണ് തെറി വിളിയുടെ ആശാൻ തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനെ പോലീസ് തിരിച്ചറിയുന്നത്. ഇനിയും വലവിരിച്ചില്ലെങ്കിൽ തെറി വിളിക്ക് ആക്കം കൂടിയാലോ എന്ന് ഭയന്ന് പോലീസ് ഒടുവിൽ യുവാവിനെ അങ്ങ് പൊക്കി.

ഇത്രനാളും ജോസ് തെറി വിളിച്ചിട്ടും പിടികൂടാനാകാതിരുന്നത് ഇയാൾ ഇടയ്ക്കിടെ മൊബൈൽ ഫോൺ നമ്പറുകൾ മാറുന്നതിനാലായിരുന്നു. പോലീസ് പിടിക്കാതിരിക്കാനുള്ള സൂത്രമാണിത്. തിരുവനന്തപുരം തുമ്പയിലെ വീട്ടിൽ സ്ഥിരമായി താമസിക്കാറുമില്ല. പലയിടങ്ങളിലായി യാത്ര ചെയ്യും. ഇരുപത്തൊൻപതു വയസുണ്ട് ഈ സാമൂഹ്യവിരുദ്ധന്. കഞ്ചാവ് ഉപയോഗം സ്ഥിരമായി ഉണ്ട്. ഈ ലഹരി തലയ്ക്ക് പിടിക്കുമ്പോഴാണ് തെറി വിളിക്കാനായി ഫോണെടുക്കാറെന്നാണ് ഇയാളുടെ കുറ്റസമ്മതം. കേരളത്തിലെ മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഫോണിലേക്കു വിളിച്ചും അസഭ്യം പറഞ്ഞിട്ടുണ്ട് ജോസ്. അന്നും കയ്യോടെ പിടിക്കപ്പെട്ട് ശിക്ഷയും കിട്ടി ബോധിച്ചു.

അതേസമയം, മൂന്നുമാസമായി തെറി കേൾക്കുന്നത് പതിവായതോടെ വനിതാ സ്റ്റേഷനിലെ ലാൻഡ് ഫോൺ റിങ് ചെയ്യുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്കു ആശങ്കയാണ്. ഇന്നിനി പുതിയ തെറി കേൾക്കേണ്ടി വരുമല്ലോ എന്നാണ് ഇവരുടെ ആശങ്ക. അതേസമയം, ജോസ് റിമാൻഡിലായാൽ കുറച്ചു ദിവസത്തേയ്ക്ക് എങ്കിലും ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥർ. പരാതി ലഭിച്ച് പോലീസ് ഇയാളുടെ ഒരു നമ്പർ കണ്ടെത്തി ആളുടെ അടുത്തെത്തുമ്പോഴേക്കും പോലീസിന്റെ വലയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടും അതായിരുന്നു ജോസിന്റെ രീതി. മൂന്നു മാസത്തെ അലച്ചിലിന് ഒടുവിൽ ജോസിന്റെ പുറകെയായിരുന്ന പോലീസ് തിരുവനന്തപുരത്തെ തുമ്പയിലെ വീട്ടിൽ നിന്നു തന്നെ പ്രതിയെ പിടികൂടി. ഇയാൾ വീട്ടിൽ എത്തിയെന്ന് അറിഞ്ഞ് പോലീസ് പാഞ്ഞെത്തുകയായിരുന്നു.

ഇത്തരത്തിൽ പലതവണ പിടിയിലായി പോലീസിന്റെ കൈയ്യിൽ നിന്നും എല്ലാക്കാലവും ഇയാൾക്ക് രക്ഷപ്പെടാൻ സാധിച്ചിട്ടില്ലെന്നതാണ് ചരിത്രം. വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതിന് മുമ്പ് ജോസിനെ 19 തവണ പിടികൂടിയിട്ടുണ്ടെന്ന് ക്രൈം റെക്കോർഡുകൾ തെളിയിക്കുന്നു. ഈ കേസുകളിലായി പലതവണ ശിക്ഷിക്കപ്പെട്ടു. പക്ഷേ, തെറിവിളിക്ക് മാത്രം ഒരു കുറവും സംഭവിച്ചില്ല. അവിവാഹിതനായ ജോസ് ഐടിസി വിദ്യാഭ്യാസ യോഗ്യതയും ഉള്ള വ്യക്തിയാണ്. ഇടയ്ക്കിടെ പണിയ്ക്കു പോകാറുമുണ്ട്. നാട്ടിലും ജോസിന്റെ ഫോൺവിളി കുപ്രസിദ്ധിയാർജ്ജിച്ചതാണ്.

അതേസമയം, എന്തിനാണ് ഇങ്ങനെ ഫോണിൽ വിളിച്ച് തെറി വിളിക്കുന്നതെന്ന പോലീസിന്റെ ചോദ്യത്തിന് ജോസിന്റെ മറുപടി ”ഒരു സുഖം” എന്ന ലളിതമായ രണ്ട് വാക്കാണ്. പിങ്ക് പോലീസ്, വനിതാ പോലീസ് തുടങ്ങിയ സ്റ്റേഷൻ നമ്പറുകൾ കണ്ടാൽ ഫോൺ ചെയ്യാൻ തോന്നുമെന്നാണ് ചോദ്യംചെയ്യലിൽ പറയുന്നത്. എത്രയൊക്കെ ഫോൺ ചെയ്യേണ്ടെന്നു തീരുമാനിച്ചാലും വനിതാ സ്റ്റേഷന്റെ നമ്പറിലേക്ക് വിളിക്കാൻ തോന്നുമത്രേ. ഓരോ തവണ പിടിക്കപ്പെടുമ്പോഴും ഇനി ഫോൺ ഉപയോഗിക്കരുതെന്ന പതിവു ഉപദേശം നൽകി വിടും. പുറത്തിറങ്ങിയാൽ പുതിയ നമ്പറിൽ പുതിയ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് ജോസിന്റെ തെറിവിളി എത്തുമെന്ന് മാത്രം.

Exit mobile version