സര്‍വ്വജന സ്‌കൂളിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചു: ചിതല്‍പ്പുറ്റുകള്‍ പൊളിച്ചുമാറ്റി, ക്ലാസ് മുറിയുടെ തറ പൊളിച്ചുമാറ്റും

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ വച്ച് വിദ്യാര്‍ഥിനിയ്ക്ക് പാമ്പ് കടിയേറ്റ് മരണം സംഭവിച്ചതിനെ തുടര്‍ന്ന് ബത്തേരി സര്‍വ്വജന സ്‌കൂളിന്റെ അറ്റകുറ്റപണികള്‍ ആരംഭിച്ചു. സ്‌കൂളിന് സമീപത്തെ ചിതല്‍പ്പുറ്റുകള്‍ പൊളിച്ചുമാറ്റി. സ്‌കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ നടപടി.

ഷഹല ഷെറിന്റെ മരണത്തോടെ ജില്ലയിലെ എല്ലാ സ്‌കൂളിലെയും പരിസരങ്ങള്‍ അടിയന്തരമായി സുരക്ഷിതമാക്കണമെന്ന ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. സര്‍വ്വജന സ്‌കൂള്‍ പരിസരത്തെ ചിതല്‍പ്പുറ്റുകള്‍ പൊളിച്ചു മാറ്റി സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപടികള്‍ ആരംഭിച്ചു.

വിദ്യാര്‍ഥിനിയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയുടെ തറ ഉടന്‍ പൊളിച്ചുമാറ്റും. സ്‌കൂള്‍ പരിസരത്തെ മാലിന്യങ്ങളും ചപ്പുചവറുകളും നീക്കം ചെയ്തു. കാടുകള്‍ വെട്ടിയുമാണ് സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുക.

അതേസമയം സര്‍വജന സ്‌കൂളിലെ ബാത്‌റൂം പരിസരവും കാടുമൂടിയ വഴികളും ഇനിയും വൃത്തിയാക്കാന്‍ തുടങ്ങിയിട്ടില്ല.

Exit mobile version