അധ്യാപക പരിശീലന പരിപാടിയില്‍ പ്രഥമശുശ്രൂഷയും ഉള്‍പ്പെടുത്തണം; വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം: അധ്യാപക പരിശീലന പരിപാടിയില്‍ പ്രഥമശുശ്രൂഷ സംബന്ധിച്ചും പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിലാണ് പുതിയ നിര്‍ദേശം.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, എല്ലാ സ്‌കൂളുകളിലും തദ്ദേശ ഭരണ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തിര പിടിഎ യോഗങ്ങള്‍ നടത്താനും പരിസര ശുചീകരണം ഉള്‍പ്പെടെ ആവശ്യമായ പ്രവര്‍ത്തികള്‍ നടത്താനും നിര്‍ദ്ദേശിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംഭവത്തില്‍ ഗുരതരവീഴ്ച വരുത്തിയ പ്രിന്‍സിപ്പല്‍ എകെ കരുണാകരന്‍, വൈസ്പ്രിന്‍സിപ്പല്‍ കെകെ മോഹനന്‍ എന്നിവരെ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂള്‍ പിടിഎ പിരിച്ചുവിടുകയും ചെയ്തു. വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സിഎ സന്തോഷിനെ ചുമതലപ്പെടുത്തി.

ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും. അതേസമയം ചികില്‍സ നല്‍കാന്‍ വൈകിയെന്നാണ് ഡിഎംഒ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version