പ്രളയസമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെ ഒരേ മനസ്സോടെ പ്രയത്‌നിച്ചരാണ് കോഴിക്കോട്ടുകാര്‍, തമിഴ്‌നാട്ടിലേക്ക് ഒരു കൈ സഹായം നല്‍കാനും കൂട്ടായി ശ്രമിക്കാം; ഗജ ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി കലക്ടറുടെ കുറിപ്പ്

470 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 80,000 ല്‍ പരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്

കോഴിക്കോട്: കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെ ഒരേ മനസ്സോടെ പ്രയത്‌നിച്ചവരാണ് കോഴിക്കോട്ടുകാര്‍. മഹാപ്രളയ സമയത്ത് നമ്മോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമ്മുടെ തൊട്ടടുത്ത സംസ്ഥാനക്കാരും ഉണ്ടായിരുന്നു എന്നത് നമുക്ക് ഒത്തിരി ആശ്വാസമേകിയിരുന്നു. ഇപ്പോള്‍ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ നാശം വിതച്ചിരിക്കുകയാണ്. അവരെ സഹായിക്കാനായി കലക്ട്രേറ്റില്‍ ഒരു കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്. കലക്ടര്‍ സാംബശിവയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

470 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 80,000 ല്‍ പരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാലെ അവിടെയുള്ളവര്‍ കഷ്ടപ്പെടുകയാണ്. എളുപ്പത്തില്‍ ചീത്തയാകാത്ത ഭക്ഷണ സാധനങ്ങള്‍, വെള്ളം, പുതിയ വസ്ത്രങ്ങള്‍, ടാര്‍പോളിന്‍ എന്നിവയാണ് അവിടെ വളരെ അത്യാവശ്യമായി വേണ്ടതെന്നാണ് സര്‍ക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സഹായിക്കാ താല്‍പര്യമുളളവര്‍ കലക്ട്രറ്റില്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘തമിഴ്‌നാട്ടിലേക്ക് ഒരു കൈ സഹായം

മഹാപ്രളയം വിതച്ച ആഘാതത്തില്‍ നിന്നും കേരളം പതുക്കെ തിരിച്ചു വരികയാണ്. നമ്മുടെ ജില്ലയിലേയും കേരളത്തിലാകെയും ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കയ്യും മെയ്യും മറന്ന് രാപ്പകലില്ലാതെ ഒരേ മനസ്സോടെ കോഴിക്കോട്കാര്‍ പ്രയത്‌നിച്ചത് ആരും ഒരിക്കലും മറക്കുകയില്ല. മാതൃകാപരമായ പ്രവര്‍ത്തനമാണ് നമ്മള്‍ അന്ന് കാഴ്ചവെച്ചത് എന്നതില്‍ നമുക്ക് അഭിമാനിക്കാം.

മഹാപ്രളയ സമയത്ത് നമ്മോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നമ്മുടെ തൊട്ടടുത്ത സംസ്ഥാനക്കാരും ഉണ്ടായിരുന്നു എന്നത് നമുക്ക് ഒത്തിരി ആശ്വാസമേകിയിരുന്നു.

അതിനിടയിലാണ് ഇപ്പോള്‍ മറ്റൊരു ദുരന്തം കുടി വന്ന് പെട്ടിരിക്കുന്നത്. ഇപ്രാവശ്യം അത് ‘ഗജ’ ചുഴലിക്കാറ്റിന്റെ രൂപത്തില്‍ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ആയി എന്ന് മാത്രം. തിമിഴ്‌നാട്ടിലെ പ്രധാനമായും നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേരിയിലെ കാരയ്ക്കല്‍ എന്നീ മേഖലകളിലാണ് ചുഴലിക്കാറ്റ് അതീവ നാശം വിതച്ചത്. ഇതു വരെയായി 30 ലേറെ പേര്‍ മരിക്കുകയും

470 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി 80,000 ല്‍ പരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാലെ അവിടെയുള്ളവര്‍ കഷ്ടപ്പെടുകയാണ്.

ബിസ്‌കറ്റ്, റസ്‌ക് മുതലായ എളുപ്പത്തില്‍ ചീത്തയാകാത്ത ഭക്ഷണ സാധനങ്ങള്‍, വെള്ളം, പുതിയ വസ്ത്രങ്ങള്‍, ടാര്‍പോളിന്‍ എന്നിവയാണ് അവിടെ വളരെ അത്യാവശ്യമായി വേണ്ടതെന്നാണ് സര്‍ക്കാര്‍ ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. നമ്മളാലാവുന്ന രീതിയില്‍ ഈ സഹായങ്ങള്‍ അവരിലേക്ക് എത്തിക്കാന്‍ കോഴിക്കോട് കലക്ട്രേറ്റില്‍ ഒരു കൗണ്ടര്‍ തുടങ്ങിയിട്ടുണ്ട്.
സാധനങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് പറ്റുമെങ്കില്‍ ഇന്ന് തന്നെ കലക്ട്രേറ്റില്‍ ഒരുക്കിയ കൗണ്ടറില്‍ മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എത്തിച്ച് തരുവാന്‍ താത്പര്യപ്പെടുന്നു. ഇത് സംബന്ധിച്ച നിങ്ങളുടെ
സംശയങ്ങള്‍ക്ക് 0495 2371002 എന്ന നമ്പറിലോ, ടോള്‍ ഫ്രീ നമ്പറായ 1077 ലോ വിളിക്കാവുന്നതാണ്.

നമ്മുടെ സഹോദരങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ നമുക്ക് കൂട്ടായി പ്രയത്‌നിക്കാം’. 

Exit mobile version