സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽവെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വയനാട് ഡിഎംഒ ഡോ.രേണുക. ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി ഷെഹ്ല ഷെറിന് കൃത്യമായ ചികിത്സ കിട്ടാൻ വൈകിയെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡിഎംഒ പ്രതികരിച്ചത്. നാല് ആശുപത്രികളിൽ വിദ്യാർത്ഥിനിയെ പ്രവേശിപ്പിച്ചിട്ടും കൃത്യമായ ചികിത്സ നൽകിയില്ലെന്നും വിഷബാധ സ്ഥിരീകരിച്ചിട്ടും ആന്റി വെനം (വിഷ ചികിത്സയ്ക്കുള്ള പ്രതിരോധമരുന്ന്)നൽകിയില്ലെന്നും പരാതിയുണ്ട്. ബന്ധുക്കളോട് കുട്ടിക്ക് എന്താണ് സംഭവിച്ചതെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം, എല്ലാ സർക്കാർ ആശുപത്രികളിലും ആന്റിവെനം സ്റ്റോക്ക് ഉണ്ടായിട്ടും ചികിത്സവൈകിയത് എന്തുകൊണ്ടാണെന്നു അറിയാൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ഡോ. രേണുക പറഞ്ഞു. ചികിത്സ നൽകാൻ പ്രാപ്തരായ ഡോക്ടർമാരും സംവിധാനങ്ങളും ആശുപത്രികളിലുണ്ടായിരുന്നു എന്നാണ് മനസിലാക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ മൂന്ന് ഡോക്ടർമാരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി മനസിലാവൂ. ഡോക്ടർമാരുടെ കൂടി വിശദീകരണം കേട്ട് വ്യക്തമായ റിപ്പോർട്ട് എന്തായാലും കൈമാറും. ഇനി ഒരിക്കലും ഇങ്ങനെയൊരു സംഭവം ആവർത്തിക്കാതാരിക്കാൻ വേണ്ട നടപടികൾ ഞങ്ങൾ സ്വീകരിക്കും. ഡിഎംഒ പറഞ്ഞു.
കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പിന്നീട് പാമ്പ് കടിയേറ്റതാണെന്ന് സ്ഥിരീകരിക്കാനും കൃത്യമായ ചികിത്സ നൽകാനും വൈകിയെന്നാണ് ഉയരുന്ന ആരോപണം. പാമ്പ് കടിയേറ്റ ശേഷം കുഞ്ഞിനെ നാല് ആശുപത്രികളിൽ കൊണ്ടു പോയിരുന്നു. രണ്ട് ആശുപത്രികളിൽ കൊണ്ടുപോയിട്ടും കുട്ടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ബന്ധുക്കളോട് വ്യക്തമായി പറഞ്ഞിരുന്നില്ല. പാമ്പുകടിയേറ്റ കുട്ടിയ്ക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ വന്ന ഗുരുതര വീഴ്ചയാണ് ഇത് തെളിയിക്കുന്നത്.
ഷെഹ്ലയ്ക്ക് ക്ലാസ് റൂമിൽ വച്ച് പാമ്പ് കടിയേറ്റത് ഉച്ച തിരിഞ്ഞ് ഏതാണ്ട് മൂന്നേകാലോടെയാണ്. രണ്ട് ആശുപത്രികളിൽ കൊണ്ടുപോയിട്ടും എന്താണ് പ്രശ്നമെന്ന് കണ്ടെത്തിയില്ല. അപ്പോഴേക്കും പാമ്പ് കടിയേറ്റ് ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. തുടർന്ന് കോഴിക്കോട്ടേക്ക് പോകും വഴി ആരോഗ്യനില വഷളായി. അതോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ചേലോട് ഗുഡ് ഷെപ്പേർഡ് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നൊന്നും കുട്ടിക്ക് കൃത്യമായ ചികിത്സ നൽകിയില്ല. ഇതോടെ ആറ് മണിയോടെ ഷഹലയുടെ മരണം സംഭവിക്കുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് രക്തം ടെസ്റ്റ് ചെയ്തതോടെ വിഷം കയറിയതായി സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും പ്രതിരോധമരുന്നായ ആന്റിവെനം നൽകിയില്ലെന്നാണ് പ്രാഥമിക നിഗമനം.