കാറിന്റെ അടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; തൃശ്ശൂര്‍ സ്വദേശി പിടിയില്‍

പാലക്കാട്: കാറിന്റെ അടിയിലെ അറയില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തൃശൂര്‍ ചേര്‍പ്പ് കൊടയൂര്‍ സ്വദേശി സ്റ്റെഫിനാണ്(29) എക്‌സൈസിന്റെ പിടിയിലായത്. പാലക്കാട് ഗോവിന്ദാപുരത്ത് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കെഎല്‍ 42 കെ 2830 കാറില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതോടെയാണ് എക്‌സൈസ് ഇന്റലിജന്‍സ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നു മാത്രമല്ല, കഞ്ചാവിന്റെ സാന്നിധ്യത്തിന്റെ യാതൊരു സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചതുമില്ല.

തുടര്‍ന്ന് കാര്‍ ചരിച്ച് വച്ച് പരിശോധിച്ചപ്പോഴാണ് കാറിന്റെ അടിയിലെ രഹസ്യ അറ ശ്രദ്ധയില്‍പ്പെട്ടത്. ഇത് പൊളിച്ച് നോക്കിയതോടെയാണ് കഞ്ചാവ് കണ്ടെത്തിയത്. തുണികളിലും, ബ്രൗണ്‍ പേപ്പറിലും പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു കഞ്ചാവ്. നാലു പൊതിയാണ് കണ്ടെത്തിയത്. ഇതിനു മുമ്പും അഞ്ച് തവണ ഇതേ വാഹനത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു.

Exit mobile version