സർക്കാരിനെ പിബി വിമർശിച്ചെന്ന വാർത്ത തെറ്റ്; പിബിയിൽ വന്നിരുന്ന പോലെയാണ് ചില മാധ്യമ റിപ്പോർട്ടുകൾ: വിമർശിച്ച് പിണറായി

തൃശ്ശൂർ: കോഴിക്കോട്ടെ വിദ്യാർത്ഥികൾക്കു മേൽ യുഎപിഎ ചുമത്തിയതിന് സിപിഎം പൊളിറ്റ് ബ്യൂറോ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചെന്ന വാർത്തകൾ തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റ് ബ്യൂറോയിൽ വന്നിരുന്നപോലെയാണ് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ സംസാരിക്കവെ വിമർശിച്ചു.

കോൺഗ്രസ് അംഗം പിടി തോമസ് ആണ് നിയമസഭയിൽ പിബിയുടെ വിമർശനത്തെ കുറിച്ച് പരാമർശിച്ചത്. പിബിയുടെ വിമർശനം ഏറ്റാണ് മുഖ്യമന്ത്രി സഭയിൽ നിൽക്കുന്നതെന്നായിരുന്നു പിടി തോമസിന്റെ പരാമർശം. എന്നാൽ അത്തരത്തിലുള്ള ഒരു വിമർശനവും തന്റെ നേരെ ഉണ്ടായിട്ടില്ല. തെറ്റു തിരുത്തുകയും നടപടികൾ എടുത്തു മുന്നോട്ട് പോവുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഇന്നലെ ഡൽഹിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോയിൽ പിണറായി യുഎപിഎ ചുമത്തിയ സംഭവത്തെ സംബന്ധിച്ച് വിശദീകരണം നൽകി എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. യുഎപിഎ കരിനിയമമാണെന്ന നയം തന്നെയാണ് സിപിഎമ്മിന് ഉള്ളതെന്നും ഇപ്പോഴുണ്ടായ നടപടി തെറ്റാണെന്നും പിബി വിമർശിച്ചെന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിബിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ പകരം പിണറായി വിശദീകരണം നൽകുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.

Exit mobile version