സ്വപ്‌ന പദ്ധതി യാഥാര്‍ഥ്യം: ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. സെപ്തംബര്‍ 25 മുതല്‍ നടത്തുന്ന ലൈന്‍ ചാര്‍ജിംഗ് വിജയകരമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമര്‍പ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ചതോടെ 400 കെവി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും എന്നതാണ് പവര്‍ഹൈവേയുടെ പ്രത്യേകത. പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിലച്ച നിലയിലായിരുന്ന പദ്ധതിയാണ് പ്രതിബന്ധങ്ങള്‍ തട്ടിമാറ്റി ഇപ്പോള്‍ പൂര്‍ത്തീയായിരിക്കുന്നത്.

ചാര്‍ജ്ജ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിന്റെ വൈദ്യുതി മേഖലയില്‍ മാറ്റം സൃഷ്ടിക്കുകയായിരുന്നു ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ. 500 മെഗാവാട്ടെങ്കിലും ശേഷിയുള്ള ഒരു പുതിയ വൈദ്യുതി നിലയം സ്ഥാപിച്ചതിനു തുല്യമായ അവസ്ഥയാണ് സംസ്ഥാനത്ത് സംജാതമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോള്‍ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ശരാശരി രണ്ട് കെവി വോള്‍ട്ടേജ് വര്‍ധനവ് സാധ്യമായി. പരമാവധി ശേഷിയില്‍ വൈദ്യുതി എത്തിച്ചിരുന്ന ഉദുമല്‍പേട്ട്-പാലക്കാട്, മൈസൂര്‍-അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളില്‍ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു.

Exit mobile version