ഇനിയില്ല വൈദ്യുതി ക്ഷാമം; ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

തിരുവനന്തപുരം: ഇനി വോള്‍ട്ടേജ് ക്ഷാമവും പവര്‍കട്ടും ഒഴിവാക്കാം, കൂടാതെ പ്രസരണ നഷ്ടം കുറച്ച് ഏകദേശം 300 മെഗാവാട്ട് വൈദ്യുതി ലാഭിച്ചെടുക്കുകയും ചെയ്യാം. ഉയര്‍ന്ന വിവാദങ്ങളെ എല്ലാം തള്ളി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. അടൂരിലെ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ വെച്ച് വൈകുന്നേരം അഞ്ചിനാണ് ഉദ്ഘാടനം. വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷനാകും.

ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഒരു പദ്ധതി കൂടി ഈ സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്‍ സാധ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 400 കെവി ലൈനിലൂടെ 800 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് എത്തിക്കാനാകുന്ന പദ്ധതിയാണിത്. ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയതോടെ നിലവില്‍ പ്രസരണ ശൃംഖലയില്‍ രണ്ടു കിലോവാട്ട് വര്‍ധനയുണ്ടായി. ഉദുമല്‍പെട്ട്പാലക്കാട്, മൈസൂരു അരീക്കോട് എന്നീ അന്തര്‍സംസ്ഥാന ലൈനുകളില്‍ ആനുപാതികമായി കുറവ് വരുത്താനായി. പ്രസരണ നഷ്ടം ഗണ്യമായി കുറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലച്ച പദ്ധതിയാണ്. 148.3 കിലോമീറ്റര്‍ ലൈനില്‍ 138.8 കിലോമീറ്ററും പൂര്‍ത്തിയാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആകെയുള്ള 447 ടവറില്‍ 351 എണ്ണം പൂര്‍ത്തിയാക്കിയതും മൂന്നു വര്‍ഷത്തിനിടെയാണ്. 1300 കോടി രൂപയുടേതാണ് പദ്ധതി. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാതാ വികസനം, ജലപാതാ വികസനം, ദിര്‍ഘകാലം മുടങ്ങി കിടന്ന സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതികള്‍ പലതും സാക്ഷാത്ക്കരിക്കപ്പെടുകയാണ്. പദ്ധതികള്‍ മുടങ്ങിക്കിടക്കാനുള്ളതല്ല, പൂര്‍ത്തിയാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version